പനാജി - വിസ സംബന്ധമായ പ്രശ്നങ്ങളിൽ വിദേശ കാര്യ മന്ത്രാലയം ബ്‌ളാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയ പോളിഷ് വനിത, ഇന്ത്യയിൽ പ്രവേശനാനുമതി തരണമെന്ന് പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ അപേക്ഷിച്ചു. പോളിഷ് കലാകാരിയും ഫൊട്ടോഗ്രാഫറുമായ മാർത്ത കോട്ലർസ്കയാണ് 11 വയസുകാരി മകൾ അലിജയ്ക്ക് തുടർ പഠനത്തിന് അവസരം തരണമെന്ന് വീണ്ടും അപേക്ഷിച്ചത്. അമ്മയെയും തന്നെയും ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് മകൾ അലിജ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ബി 2 ബിസിനസ്സ് വിസയിൽ ഇന്ത്യയിൽ തങ്ങിയിരുന്ന മാർത്തയും മകളും വിസ പുതുക്കുന്നതിനായി മാർച്ച് 24 നാണ് ശ്രീലങ്കയിലേക്ക് പോയത്. തിരിച്ച് ബെംഗളൂരു എയർ പോർട്ടിൽ നിന്ന് അവരെ വിസ പുതുക്കാൻ അനുവാദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇപ്പോൾ കമ്പോഡിയയിലാണ് ഇരുവരും. ഓവർസ്റ്റേ ചെയ്തതിനുള്ള പിഴ മുഴുവനും അടച്ചതായും ട്വീറ്റിൽ പറയുന്നു.
ഹിന്ദുയിസത്തിലേക്കും ആത്മീയതയിലേക്കും ആകർഷിക്കപ്പെട്ടെന്നും ഇന്ത്യയിലാണ് എന്റെ ജീവിതമെന്നും അലിജ കത്തിൽ പറഞ്ഞിരുന്നു. .
ഗോവയിലെ സ്‌കൂളിൽ പഠിക്കുന്ന അലിജയുടെ ക്‌ളാസ്സുകൾ മുടങ്ങിയിരിക്കുകയാണ്. "ഏപ്രിൽ 25 മുതൽ എന്റെ മകൾക്ക് സ്‌കൂളിൽ പോകാൻ കഴിയാതെയായിരിക്കുന്നു. ഏപ്രിൽ 6 മുതൽ പരാതി നൽകിയിരുന്നെങ്കിലും ഒരു മറുപടിയുമുണ്ടായില്ല. പഠിക്കാനാകാതെ മകൾ കഷ്ടപ്പെടുകയാണ്. ഞങ്ങൾ കുറ്റവാളികളല്ല , ദയവു ചെയ്തു സഹായിക്കണം." പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.