Sorry, you need to enable JavaScript to visit this website.

എസ്.എഫ്.ഐ ഭീഷണി; ശരത് ലാലിന്റെ ബന്ധു ടി.സി വാങ്ങി സ്‌കൂൾ മാറി 

പെരിയ- പ്ലസ് വൺ പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ ഭീഷണിയെന്ന് പരാതി. പെരിയയിൽ കൊല്ലപ്പെട്ട ശരത്ത്‌ലാലിന്റെ ബന്ധുവായ കെ.എസ്.യു പ്രവർത്തകൻ പോലീസ് സഹായത്തോടെ ടി.സി വാങ്ങി മറ്റൊരു സ്‌കൂളിലേക്ക് മാറി. ശരത്‌ലാലിന്റെ പിതൃസഹോദരിയുടെ മകൻ ഉമേശന്റെ മകൻ ദീപകിനാണ് ദുരനുഭവമുണ്ടായത്. 
അട്ടേങ്ങാനം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ദീപകിന് ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്. രണ്ടാം അലോട്ട്‌മെന്റിൽ രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഭിച്ചു. ഇതോടെ ഇവിടെ പ്രവേശനം നേടി. സ്‌കൂളിലെത്തിയപ്പോൾ തന്നെ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ ദീപകിന് മുന്നറിയിപ്പ് നൽകിയതായി പറയുന്നു. എസ്.എഫ്.ഐ എന്നെഴുതിയ കാർഡ് നൽകിയാണ് സ്വീകരിച്ചതെന്നും എല്ലാ ദിവസവും ക്ലാസിൽ വരുമ്പോൾ കാർഡ് കൈയ്യിൽ കരുതണമെന്നും പറഞ്ഞതായി ദീപക് പറയുന്നു. തുടർന്ന് ഫോണിലെ സ്റ്റാറ്റസ് മായ്ച്ചുകളയണമെന്നും ആവശ്യപ്പെട്ടു. വനിതാ മതിലിനെക്കുറിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ട മാവുങ്കാലിലെ വൈഷ്ണവിന്റെ അനുഭവം ചോദിച്ചാൽ മതിയെന്നും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ഫോണിൽ വിളിച്ച് ഭീഷണിമുഴക്കുന്ന ശബ്ദരേഖയും ദീപകിന്റെ കൈയ്യിലുണ്ട്. ഭീഷണിയുയർന്നതോടെ ദീപകിനെ പെരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. 
തുടർന്ന് ഹൊസ്ദുർഗ് പോലീസിൽ വിവരമറിയിക്കുകയും സി.ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കിയതിനും ശേഷമാണ് രാവണീശ്വരം സ്‌കൂളിൽ നിന്നും ടി.സി വാങ്ങി ദീപക് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്നത്. ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ദീപകിന്റെ ബന്ധുക്കൾ.

 

Latest News