ജിദ്ദ - മയക്കുമരുന്ന് വിതരണ കേസ് പ്രതിയായ വൃദ്ധനെ വധശിക്ഷയിൽ നിന്ന് ജിദ്ദ ക്രിമിനൽ കോടതി ഒഴിവാക്കി. പകരം ഇയാൾക്ക് ഏഴു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും കോടതി വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതിൽ നിന്ന് പ്രതിക്ക് ഏഴു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
മയക്കുമരുന്ന് വിതരണ കേസിൽ നേരത്തെയും പ്രതിയായതിനാൽ വൃദ്ധന് വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിയുടെ പ്രായാധിക്യം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കുന്നതിന് കോടതി തീരുമാനിക്കുകയായിരുന്നു. കൂടാതെ വിതരണം ചെയ്ത മയക്കുമരുന്നിന്റെ കുറഞ്ഞ അളവും വധശിക്ഷ ഒഴിവാക്കുന്നതിന് കോടതി പരിഗണിച്ചു. അറുപതിലേറെ വയസ്സ് പ്രായമുള്ള പ്രതി നാലു ലഹരി ഗുളികകൾ മാത്രമാണ് വിതരണം ചെയ്തത്.
മയക്കുമരുന്ന് വിതരണത്തിന് പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടുകെട്ടി വിൽപന നടത്തി ലഭിക്കുന്ന പണം ആന്റി നാർകോടിക്സ് ഡയറക്ടറേറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും സിം കാർഡ് റദ്ദാക്കുന്നതിനും കോടതി വിധിയുണ്ട്. പ്രത്യേകം കെണിയൊരുക്കിയാണ് പ്രതിയെ നേരത്തെ ആന്റി നാർകോടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിൽ രണ്ടാം തവണയാണ് ഇയാൾ പിടിയിലാകുന്നത്.