ന്യൂദല്‍ഹി- കൊടും ചൂട് തുടരുന്നതിനിടെ ദല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കേരള എക്‌സ്പ്രസ് ട്രെയിനില്‍ നാലു യാത്രക്കാര്‍ മരിച്ചു. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ഇവിടെ ചൊവ്വാഴ്ച 48.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
മരിച്ച നാല് പേരും തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളാണ്. ആഗ്രയില്‍നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.
ബുന്ദൂര്‍ പളനിസാമി, ബാലകൃഷ്ണ രാമസാമി, ധനലക്ഷ്മി, സുബ്ബരായ്യ എന്നിവരാണ് മരിച്ചത്. വാരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും പിന്നീട് മരിക്കുകയായിരുന്നു. കേരള എക്‌സപ്രസിന്റെ എസ് - 8, എസ് -9 കോച്ചുകളിലെ യാത്രക്കാരായിരുന്നു ഇവര്‍.
ജൂണ്‍ പകുതിയോട് അടുത്തിട്ടും കനത്ത ചൂടില്‍ ഉരുകുകയാണ് രാജ്യതലസ്ഥാനം. ദല്‍ഹിയില്‍ റെക്കോര്‍ഡ് ചൂടാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇതാദ്യമായി ദല്‍ഹിയിലെ പാലം വിമാനത്താവളത്തിന് സമീപം 48 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അതേസമയം രാജസ്ഥാനാണ് ഇന്ത്യയില്‍ ഏറ്റവും ചൂട് കൂടിയ നിലവിലെ സ്ഥലം. 51 ഡിഗ്രി സെല്‍ഷ്യസ് വരെ രാജസ്ഥാനിലെ ചുരു ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഇതിനോടകം രേഖപ്പെടുത്തി.
ഈ മാസം ഇത് നാലാം തവണയാണ് ചൂട് 50 ഡിഗ്രി കടക്കുന്നത്. വരും ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഇതോടൊപ്പം ഉഷ്ണതരംഗത്തിന്റെ തീവ്രത ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് കരുതുന്നത്. മണ്‍സൂണിന് മുന്നോടിയായുള്ള പൊടിക്കാറ്റും രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ രൂപപ്പെടാനിടയുണ്ട്. എന്നാല്‍, ഇത് ചൂടിന് വലിയ രീതിയില്‍ ശമനം ഉണ്ടാക്കില്ല.