ന്യൂദൽഹി- ആദായനികുതി വകുപ്പിലെ പന്ത്രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് നിർബന്ധിത വിരമിക്കലിന് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രാലയം. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരോടാണ് വിരമിക്കാൻ ആവശ്യപ്പെട്ടത്. ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ അശോക് അഗർവാൾ, എസ്.കെ ശ്രീവാസ്തവ, ഹോമി രാജ് വാഷ്, ബി.ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമാർ സിംഗ്, അലോക് കുമാർ മിത്ര, ചന്ദർ സൈനി ഭാരതി, അന്ദാസു രവീന്ദർ, വിവേക് ബത്ര, ശ്വേതബ് സുമൻ, റാം കുമാർ ഭാർഗവ എന്നിവർക്കാണ് നോട്ടീസ്. പ്രമുഖ വ്യവസായിയിൽനിന്ന് കോഴ വാങ്ങിയെന്നാണ് അശോക് അഗർവാളിനെതിരായ ആരോപണം. രണ്ടു വനിത ഐ.ആർ.എസ് ഉദ്യോഗസ്ഥരെ ലൈംഗീകമായി അതിക്രമിച്ചുവെന്ന കേസാണ് എസ്.കെ ശ്രീവാസ്തവക്ക് എതിരെയുള്ളത്. മൂന്നു കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ സി.ബി.ഐയുടെ അന്വേഷണം നേരിടുകയാണ് ഹോമി രാജ്‌വാഷ്.