റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ കസ്റ്റംസ് നിയമം ലംഘിച്ച കമ്പനികൾക്കും വ്യക്തികൾക്കും ആകെ രണ്ടു കോടിയിലേറെ റിയാൽ പിഴ ചുമത്തിയതായി സൗദി കസ്റ്റംസ് അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിൽ 79 ലക്ഷം യൂനിറ്റ് വ്യാജ ഉൽപന്നങ്ങൾ കസ്റ്റംസ് പിടികൂടി. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത 59 ലക്ഷം യൂനിറ്റ് ഉൽപന്നങ്ങളും ഇക്കാലയളവിൽ പിടികൂടി.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 12,715 കോടി റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ ഇറക്കുമതി ചെയ്തു. ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തത് ചൈനയിൽ നിന്നാണ്. ചൈനയിൽ നിന്ന് 2,362 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു.
രണ്ടാം സ്ഥാനത്തുള്ള അമേരിക്കയിൽ നിന്ന് 1,479 കോടി റിയാലിന്റെയും മൂന്നാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 944 കോടി റിയാലിന്റെയും നാലാം സ്ഥാനത്തുള്ള ജർമനിയിൽ നിന്ന് 636 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇന്ത്യയിൽനിന്ന് 613 കോടി റിയാലിന്റെയും ജപ്പാനിൽ നിന്ന് 539 കോടി റിയാലിന്റെയും ഫ്രാൻസിൽ നിന്ന് 431 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ ആദ്യ പാദത്തിൽ ഇറക്കുമതി ചെയ്തു.