Sorry, you need to enable JavaScript to visit this website.

രാജ്യത്തെ ഞെട്ടിച്ച കത്‌വ കേസില്‍ എന്തുകൊണ്ട് വധശിക്ഷയില്ല? തൃപ്തരല്ലെന്ന് പ്രോസിക്യൂഷന്‍

പഠാന്‍കോട്ട്- രാജ്യത്തെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായിട്ടും കത്‌വ പീഡനക്കേസില്‍ എന്തു കൊണ്ട് വധശിക്ഷയില്ലെന്ന ചോദ്യമുയര്‍ത്തി പ്രോസിക്യൂഷന്‍. ശിക്ഷാവിധി തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.

http://malayalamnewsdaily.com/sites/default/files/2019/06/10/kathuagirl.jpg

പ്രതികള്‍ ഇതിനു മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടില്ലെന്നതും  മനംമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതും കണക്കെലെടുത്താണ് കോടതി വധശിക്ഷ നല്‍കതിരുന്നത്. മൂന്ന് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ചത്.  

കേസില്‍ മുഖ്യ പ്രതിയും പെണ്‍കുട്ടിയെ പൂട്ടിയിട്ട ക്ഷേത്രത്തിലെ പൂജാരിയുമായ  സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മീറത്തില്‍ പരീക്ഷയെഴുതുതിയതിന് വിശാല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു.  വിശാലിനെ കുറ്റവിമുക്തനാക്കിയതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കെ. ചോപ്ര, എസ്.എസ് ബസ്‌റ, ഹര്‍മീന്ദര്‍ സിംഗ്, ഭൂപീന്ദ്ര സിംഗ് എന്നിവരടങ്ങുന്ന പ്രോസിക്യൂഷന്‍ ടീം പറഞ്ഞു.  

സാഞ്ചി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.  സംഭവം ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷല്‍ പോലീസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നിരുന്നു.

പിന്നീട് അന്വഷണം ഏറ്റെടുത്ത ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ചാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. കുറ്റപത്രം കത്‌വ കോടതിയില്‍ സമര്‍പ്പിക്കാന്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സുപ്രീം കോടതി സ്വമേധയാ ഇടപെട്ട് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റുകയായിരുന്നു. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്.

കേസില്‍ 275 തവണ വാദം കേട്ടു. 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സാഞ്ചി റാമിനേയും മകനേയും പോലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.

 

Latest News