പഠാന്‍കോട്ട്- ജമ്മുവിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം. ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥന്‍ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം. എസ്.ഐ ആനന്ദ് ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്ക് അഞ്ച് വര്‍ഷം ജയിലും വിധിച്ചു.
പഠാന്‍കോട്ട് ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഇവര്‍ കുറ്റക്കാരെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു. ശിക്ഷ തൃപ്തികരമല്ലെന്നും അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2018 ജനുവരിയിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് വെച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.
നാടോടി സമുദായമായ ബഖര്‍വാല മുസ്്‌ലിംകളെ കത്‌വയിലെ രസാന ഗ്രാമത്തില്‍നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ചി റാമാണ് ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്.