ലണ്ടൻ- തെരേസ മെയ് സ്ഥാനമൊഴിഞ്ഞതിനു പുറകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കാനൊരുങ്ങി 11 ടോറി നേതാക്കൾ. ലണ്ടൻ സമയം രാവിലെ 9 നും 4 നുമിടയ്ക്ക് പത്രിക സമർപ്പിക്കുമെന്നാണ് കരുതുന്നത്. തെരേസ മെയ് 7 ന് രാജി വച്ചെങ്കിലും, പുതിയ ആളെ കണ്ടെത്തുന്നത് വരെ പദവിയിൽ താൽക്കാലികമായി തുടരുമെന്നാണ് തീരുമാനം.
അതെ സമയം പത്രിക സമർപ്പിക്കാനൊരുങ്ങുന്ന സ്ഥാനാർത്ഥികൾക്കെതിരെ ബ്രിട്ടീഷ് പത്രങ്ങൾ രംഗത്തെത്തിക്കഴിഞ്ഞു. പലരും മയക്കുമരുന്നുകൾക്കടിമയാണെന്നാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സ്ഥാനാർഥികളിൽ ഒരാളായ മൈക്കിൾ ഗോവ് 20 വര്ഷങ്ങള്ക്കു മുൻപ് കൊക്കെയിൻ ഉപയോഗിക്കുമായിരുന്നു എന്ന മുൻ അഭിമുഖങ്ങളിൽ സമ്മതിച്ചിരുന്നതായി ഇ എഫ് ഇ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പരിസ്ഥിതി സെക്രട്ടറിയാണ് മൈക്കിൾ ഗോവ്. മാത്രമല്ല, വിദേശ സെക്രട്ടറി ജെറമി ഹണ്ട് യുവാവായിരുന്നപ്പോൾ, കഞ്ചാവ് ചേർത്ത തൈര് കഴിച്ചിരുന്നതായും ഇ എഫ് ഇ ന്യൂസ് പറയുന്നു. ഇന്ത്യയിൽ യാത്ര ചെയ്യുമ്പോഴാണത്രെ അദ്ദേഹം ഇതുപയോഗിച്ചിരുന്നത്.
ഇന്റർനാഷണൽ ഡവലപ്പ്മെന്റ് സെക്രട്ടറി റോറി സ്റ്റുവർട്ട് ഓപിയം ഉപയോഗിച്ചിരുന്നതായും എസ്തർ മാക് വേ, ആൻഡ്രിയ ലീഡ്‌സം, മാറ്റ് ഹാൻകോക്ക് എന്നീ നേതാക്കൾ കഞ്ചാവ് വലിച്ചിരുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ബ്രെക്സിറ്റ് കൊണ്ട് പ്രക്ഷുബ്ധമായിരിക്കുന്ന യു.കെയിൽ തന്ത്രപ്രധാനമായ പ്രചാരണങ്ങളാണ് കൺസേർവേറ്റിവ് പാർട്ടി ആസൂത്രണം ചെയ്തിരിക്കുന്നത്.