ഗോരഖ്പൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചുവെന്ന് ആരോപിച്ച് ഒരു യുവാവിനെ കൂടി കഴിഞ്ഞ ദിവസം ഗോരഖ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ നാലാമത്തെ അറസ്റ്റ് ആണിത്. ഒരു ഫ്രീ ലാൻസ് പത്രപ്രവർത്തകൻ, ഒരു സ്വകാര്യ ചാനലിൻറെ എഡിറ്റർ, ചാനലിൻറെ ഉടമ എന്നിവരെ യോഗിക്കെതിരെ വാർത്ത നൽകിയെന്ന കാരണത്താൽ അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്‍ചത്തെ അറസ്റ്റുകൾ, സോഷ്യൽ മീഡിയയിൽ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന രീതിയിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. മാത്രമല്ല, രാജ്യത്തെ ഉന്നത എഡിറ്റർമാരുടെ യോഗം, മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും പ്രസ്താവനയിറക്കിയിരുന്നു.
ഞായറാഴ്ച വൈകുന്നേരം പോലീസിൽ ട്വിറ്ററിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നാലാമത്തെ അറസ്റ്റ്.മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം പോസ്റ്റുചെയ്തതിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.