ജിദ്ദ- മരണപ്പെടുന്ന ഉംറ തീർഥാടകന്റെ മൃതദേഹം പെട്ടെന്ന് തിരിച്ചറിയുന്നതിന് അത്യാധുനിക ബയോമെട്രിക് ഉപകരണവുമായി ജവാസാത്ത് അതോറിറ്റി. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെർമിനലിൽ മരണപ്പെട്ട തീർഥാടകന്റെ മൃതദേഹം 10 സെക്കന്റുകൾക്കകം തിരിച്ചറിയാൻ ബനാൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപകരണം വഴി ജവാസാത്ത് ഉദ്യോഗസ്ഥർക്ക് സാധിച്ചു. സ്വാഭാവികമായി മരിച്ച 80 കാരന്റെ പക്കൽ തിരിച്ചറിയുന്നതിന് ആവശ്യമായ ഔദ്യോഗിക രേഖകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഉപകരണത്തിന്റെ സഹായത്തോടെ ബയോമെട്രിക് സംവിധാനത്തിൽ രേഖപ്പെടുത്തിയ മരിച്ച വ്യക്തിയുടെ മുഴുവൻ വിവരങ്ങളും ഞൊടിയിടക്കുള്ളിൽ ലഭ്യമായി. നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന് പുതിയ സാങ്കേതിക ഉപകരണം നിർണായകമാകുമെന്ന് ജിദ്ദ എയർപോർട്ട് ജവാസാത്ത് മേധാവി വെളിപ്പെടുത്തി.