റിയാദ്- ടെലികോം, വിവരസാങ്കേതിക മേഖലകളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്താൻ സൗദി-- ജപ്പാൻ ധാരണയിലെത്തി. ഐ.ടി, ടെലികോം രംഗത്ത് വികസനം സാധ്യമാക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതും ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ ഐ.ടി, ടെലികോം മന്ത്രി എൻജി. അബ്ദുല്ല ബിൻ ആമിർ അൽസവാഹയും ജപ്പാൻ ആഭ്യന്തര, ടെലികോം മന്ത്രി മസാതോഷി ഇഷിദയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു. ഈ മാസം 28, 29 തീയതികളിലായി ജപ്പാനിലെ ഒസാകോ നഗരത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനിലെ തന്നെ സുകുബായിൽ സംഘടിപ്പിച്ച മന്ത്രിതല സമ്മേളനത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.
മാനവ വിഭവശേഷി പരിപോഷിപ്പിക്കുന്നത് ഉൾപ്പെടെ ഒന്നിലധികം സുപ്രധാന കാര്യങ്ങളിൽ ഊന്നിയാണ് ജപ്പാനുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ പറഞ്ഞു. ഡിജിറ്റൽ സാങ്കേതിക വിദ്യക്ക് പശ്ചാത്തല സൗകര്യം വികസിപ്പിക്കുക, നൂതന കണ്ടെത്തലുകൾക്കും അനുദിനം വളരുന്ന സാങ്കേതിക വിദ്യക്കും നിക്ഷേപം നടത്തുന്നതിനും ഐ.ടി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള സഹകരണം കരാറിൽ പ്രതിപാദിക്കുന്നു. ഐ.ടി, ടെലികോം മേഖലകളിലെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിൽ സാങ്കേതിക വിദഗ്ധരെ ജപ്പാൻ ലഭ്യമാക്കും. സൗദി യുവതി യുവാക്കൾക്ക് സാങ്കേതിക തൊഴിൽ പരിശീലനം നൽകുന്നതിന് മന്ത്രാലയം മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് എൻജി. അൽസവാഹ വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർ പരസ്പരം സന്ദർശനം നടത്തുന്നതിന് കരാറിൽ വ്യവസ്ഥയുണ്ട്. സെമിനാറുകൾ, സമ്മേളനങ്ങൾ, സംയുക്ത ചർച്ചകൾ എന്നിവയും സംഘടിപ്പിക്കും. സൗദിയുടെയും ജപ്പാന്റെയും താൽപര്യങ്ങൾ മുൻനിർത്തി ടെലികോം, ഐ.ടി മേഖലകളിലെ നൂതന വിവരങ്ങൾ പങ്കുവെക്കുന്നതിനും ഈ മേഖലകളുമായി ബന്ധപ്പെട്ട ജോലികളും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും കരാർ വ്യവസ്ഥ ചെയ്യുന്നു.