ന്യൂദൽഹി- എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്രയ്ക്കാണ് പത്രിക നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി, കേന്ദ്ര മന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, സഖ്യകക്ഷി നേതാക്കൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാർ, എംപിമാർ തുടങ്ങി നേതാക്കളുടെ വന്‍ നിര പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.
നാല് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. പത്രിക സമർപ്പണത്തിനായി അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ കോവിന്ദ് നേരിട്ടെത്തി ക്ഷണിച്ചിരുന്നു. ശിവസേനയുടെ എം.പിമാരും ചടങ്ങിനെത്തി. എന്നാൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ ചടങ്ങിനെത്തിയില്ല. ഇരുവരും രാംനാഥ് കോവിന്ദിന് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.