ന്യൂദൽഹി- ദുബായ് അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും തുർക്കിയിലും പടർന്നുകിടക്കുന്ന വൃക്ക മാറ്റിവെക്കൽ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുതിർന്ന ഡോക്ടർമാരെ ദൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ യൂറോളജിസ്റ്റ് അടക്കമുള്ള പ്രമുഖ സംഘമാണ് പിടിയിലായത്. പുഷ്പവതി സിംഗാനിയ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ദീപക് ശുക്ല അടക്കം പതിമൂന്നു പേരെ ഇതേവരെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം. ഇതിന് പുറമെ ഫോർടിസ് ആശുപത്രിയിലെ രണ്ടു പ്രമുഖ ഡോക്ടർമാരോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ സെൻട്രൽ ദൽഹിയിലെ തന്നെ പ്രമുഖ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. അവയവദാന നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് ഫോർടിസ് ആശുപത്രിക്ക് നോട്ടീസ് നൽകിയതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കാൺപൂരിലെ സീനിയർ പോലീസ് സൂപ്രണ്ട് ആനന്ദ് ഡിയോ പറഞ്ഞു. ഫോർടിസ്, പുഷ്പവതി ഇൻസ്റ്റിറ്റിയൂട്ട് എന്നിവക്ക് പുറമെ മറ്റൊരു ആശുപത്രി കൂടി സംശയത്തിന്റെ നിഴലിലാണ്. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ പാവപ്പെട്ടവരെ സ്വാധീനിച്ച് ഡോക്ടർമാരും ആശുപത്രി അധികൃതരും അവയവദാനം നടത്തി എന്നാണ് കേസ്. ആളുകളെ കണ്ടെത്തുന്നതിനായി മധ്യവർത്തിയുമുണ്ടായിരുന്നു. ഡോ. കേഥൻ കൗശിക് എന്നയാളാണ് കേസിലെ മുഖ്യ പ്രതി എന്നാണ് പോലീസ് പറയുന്നത്. കിഡ്‌നി മാറ്റിവെക്കൽ ആവശ്യമായ രോഗികളെ തുർക്കിയിൽനിന്നും മിഡിലീസ്റ്റ് രാജ്യങ്ങളിൽനിന്ന് എത്തിച്ചതിന് പിന്നിൽ കേഥൻ കൗശികായിരുന്നു. കിഡ്‌നി റാക്കറ്റിന്റെ പ്രവർത്തനം വിപുലമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വിവിധ മേഖലകളിൽ ഈ സംഘം പ്രവർത്തിച്ചുവരികയായിരുന്നു. ഇതിൽ ഒരു സംഘമാണ് ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത്.
കിഡ്‌നി മാറ്റിവെക്കൽ നിർദേശിക്കപ്പെട്ട രോഗികൾ ഈ സംഘത്തെ സമീപിക്കുകയാണ് ചെയ്തിരുന്നത്. വിദേശ രാജ്യങ്ങളൽനിന്നുള്ള രോഗികളിൽനിന്ന് ഇതിനായി കൂടുതൽ തുക ഈടാക്കും. ഇവർക്ക് ആവശ്യമായ കിഡ്‌നി കണ്ടെത്തുന്നതിനാണ് യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ദരിദ്രരായ ആളുകളെ സംഘം വലവീശിപ്പിടിച്ചത്. കുറ്റകൃത്യം തെളിയിക്കുന്നതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. രോഗികളിൽനിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങുന്ന സംഘം കിഡ്‌നി ദാതാക്കൾക്ക് രണ്ടോ മൂന്നോ ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയിരുന്നത്. ശുക്ലയെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.