ലണ്ടന്‍- 9,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് മത്സരം കാണാനായെത്തിയ വിജയ് മല്യയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയതിന്റെ ദൃശ്യങ്ങളടക്കം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകന്‍ ചോദിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് വിജയ് മല്യ.
തന്റെ ടിക്കറ്റ് കയ്യില്‍ വാങ്ങിയ മല്യ 'ഞാനിവിടെ വന്നിരിക്കുന്നത് മത്സരം കാണാനാണ്' എന്ന് പറഞ്ഞ് സ്‌റ്റേഡിയത്തിനകത്തേക്ക് നടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 2016 മാര്‍ച്ചില്‍ നാടുവിട്ട മല്യയെ മുബൈയിലെ പ്രത്യേക കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് മല്യ വന്‍തുകകള്‍ ബാങ്കില്‍ നിന്നും വായ്പയായി വാങ്ങിയത്.
വന്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. മല്യയുടെ പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും ഇന്ത്യയില്‍ കേസുണ്ട്.