അമരാവതി- ആഭ്യന്തരമന്ത്രി സ്ഥാനത്ത് പിന്നോക്ക വിഭാഗത്തിലെ വനിതയെ നിയമിച്ച് ചരിത്രം സൃഷ്്ടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി. രാജ്യത്ത് ആദ്യമായി അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയായി പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതയെ നിയമിച്ചത്. ഗുണ്ടൂർ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ പ്രതിപഡുവിൽനിന്നുള്ള മെകത്തൊടി സുചരിതയാണ് ആഭ്യന്തര മന്ത്രി. ഇവർക്കൊപ്പം 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരമന്ത്രിയായി വനിതയെ നിയമിച്ചിരുന്നു. ഇതു തന്നെയാണ് ജഗനും ഇപ്പോൾ പിന്തുടർന്നിരിക്കുന്നത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി. സബിത ഇന്ദ്ര റെഡ്ഡി ഇപ്പോൾ ടി.ആർ.എസ് എം.എൽ.എയാണ്.
ഉപമുഖ്യമന്ത്രിമാരായി നിയമിതരായ അഞ്ചു പേർക്കും സുപ്രധാന വകുപ്പുകളാണ് നൽകിയിരിക്കുന്നത്. പമുല പുഷ്പ ശ്രീവാണി, പിള്ളി സുഭാഷ് ചന്ദ്ര ബോസ്, കാളി കൃഷ്ണ ശ്രീനിവാസ്, കെ. നാരായണ സ്വാമി, അംജദ് ബാഷ ശൈഖ് ബിപാരി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. സുചരിതയടക്കം മൂന്ന് വനിത മന്ത്രിമാരാണ് ജഗൻ മന്ത്രിസഭയിലുള്ളത്.