Sorry, you need to enable JavaScript to visit this website.

മമതയെ സഹായിക്കാൻ പ്രശാന്ത് കിഷോർ; ബി.ജെ.പിയിലും ജെ.ഡി.യുവിലും ആശയകുഴപ്പം

കൊൽക്കത്ത- പശ്ചിമ ബംഗാളിൽ 2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്ത്രം മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ആർ.ജെ.ഡി വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോറിനെ മമത ബാനർജി നിയോഗിച്ചതിനെ പറ്റി തനിക്കറിയില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ വെല്ലുവിളി നേരിടുന്നത് സംബന്ധിച്ചുള്ള പദ്ധതികളായിരിക്കും പ്രശാന്ത് കിഷോർ ആസൂത്രണം ചെയ്യുക. അതേസമയം, ബിഹാറിൽ പ്രശാന്ത് കിഷോർ വൈസ് പ്രസിഡന്റായ ജെ.ഡി.യു നേതൃത്വം നൽകുന്ന മുന്നണിയിലെ പ്രധാന കക്ഷിയാണ് ബി.ജെ.പി. പ്രശാന്ത് കിഷോറിന്റെ പുതിയ ചുമതലയെ പറ്റി ബി.ജെ.പി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും എന്നാൽ ഇത് സംബന്ധിച്ച് അവ്യക്തതയുണ്ടെന്നും നിതീഷ് കുമാർ വ്യക്തമാക്കി. ഇന്ന് പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് ചേരുമെന്നും അതിന് ശേഷം യോഗത്തിൽ പ്രശാന്ത് കിഷോർ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏൽപിച്ചാണ് പ്രശാന്ത് കിഷോറിനെ കഴിഞ്ഞവർഷം പാർട്ടിയിൽ ചേർത്തതെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എന്നാൽ പ്രശാന്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയുണ്ടെന്നും അവരായിരിക്കും ബംഗാളിലെ കാര്യങ്ങൾ നടത്തുകയെന്നുമാണ് കരുതുന്നത്. ഏതായാലും ഇക്കാര്യത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.
ബി.ജെ.പിയിൽ നിന്നുള്ള ഭീഷണിയെ ചെറുക്കാനും കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാനും പ്രശാന്ത് കിഷോറിന്റെ സഹായം കഴിഞ്ഞ ദിവസമാണ്  മമത ബാനർജി തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് കരാറൊപ്പിട്ടത്. രണ്ടു മണിക്കൂറാണ് ഇരുവരും ചർച്ച നടത്തിയത്. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയും ചർച്ചയിൽ പങ്കെടുത്തിരുന്നു. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയ ബി.ജെ.പിയിൽനിന്നും തൃണമൂൽ വെല്ലുവിളി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റിൽ 22 സീറ്റിൽ മാത്രമാണ് തൃണമൂലിന് വിജയിക്കാനായത്. 2014 ലെ തെരഞ്ഞെടുപ്പിൽ 34 സീറ്റ് തൃണമൂലിന് ലഭിച്ചിരുന്നു.  ബി.ജെ.പി ചരിത്രത്തിലാദ്യമായി രണ്ടക്കം കടക്കുകയും ചെയ്തു. സംസ്ഥാനത്ത് വൻ കുതിപ്പ് നടത്തിയ ബി.ജെ.പിയെ പിടിച്ചുകെട്ടാൻ സഹായിക്കാനാണ് തൃണമൂൽ കോൺഗ്രസ് പ്രശാന്തിനെ കൂട്ടുപിടിച്ചിരിക്കുന്നത്.
2014 ൽ നരേന്ദ്ര മോഡിയുടെ പ്രചാരണം കൈകാര്യം ചെയ്തതും 2015 ൽ ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയവുമാണ് പ്രശാന്തിനെ ശ്രദ്ധേയനാക്കിയത്. കോൺഗ്രസിനു വേണ്ടി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സഹായിച്ചെങ്കിലും വിജയിച്ചില്ല. പത്തു വർഷം മാത്രം പഴക്കമുള്ള വൈ.എസ്.ആർ കോൺഗ്രസിനെ ആന്ധ്രയിൽ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതാണ് പ്രശാന്തിന്റെ ഏറ്റവുമൊടുവിലത്തെ നേട്ടം. 175 നിയമസഭാ സീറ്റിൽ 151 ലും 22 ലോക്‌സഭാ സീറ്റിൽ 22 ഇടത്തും പാർട്ടിയെ ജയിപ്പിക്കാൻ പ്രശാന്തിന്റെ തന്ത്രങ്ങളാണ് സഹായിച്ചത്.
കഴിഞ്ഞ വർഷമാണ് പ്രശാന്ത് കിഷോർ നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിൽ ചേർന്നത്. പാർട്ടി വൈസ് പ്രസിഡന്റായി നിയമിതനായ പ്രശാന്ത് കിഷോറിന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാര്യമായ ചുമതല നൽകിയിരുന്നില്ല. ബിഹാറിൽ ബി.ജെ.പിയുടെ കടുംപിടിത്തം കാരണം നിതീഷ് കുമാറിന് തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞിരുന്നില്ല. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കാത്തതിൽ പ്രശാന്ത് കിഷോർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 

Latest News