ന്യൂദല്‍ഹി- മദ്യലഹരിയില്‍ യുവാവ് മൂന്നര വയസ്സായ മകളുടെ ചെവിയറുത്തു. കിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം. പോലീസ് അറസ്റ്റ് ചെയ്ത അമൃത് ബഹാദൂറും ഭാര്യയും ഒരു പോലെ പ്രേതത്തെ പഴി ചാരുന്നു. അമൃതിനെയല്ല പ്രേതത്തെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. മകളെ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മകളെ കരയിച്ചില്ലെങ്കില്‍ അവളെ കൊല്ലുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ചെവിയറുത്തതെന്ന് പ്രതി പറഞ്ഞു.
ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ അമൃത് ഭാര്യയോടും അഞ്ച് കുട്ടികളോടും മുകളിലെ നിലയില്‍ വെവ്വേറെ മുറികളില്‍ പോയി ഉറങ്ങാനാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂന്നര വയസ്സായ മകളുടെ മുഖത്തേക്ക് വെള്ളം ഒഴിച്ച് കരയിപ്പിക്കാന്‍ ശ്രമിച്ചു. ഉറക്കമുണര്‍ന്ന് പേടിച്ചുവിറച്ച കുട്ടിയുടെ ചെവി മുറിക്കാന്‍ പ്രേതം ആവശ്യപ്പെട്ടുവത്രെ. ചെവി മുറിച്ച ശേഷം കഴുത്തറക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയും ഏതാനും അയല്‍ക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
സമീപത്തെ ഒരു റസ്റ്റോറന്റില്‍ സഹായി ആയി ജോലി നോക്കുന്ന അമൃത് രാവിലെ കാറുകള്‍ കഴുകിയാണ് ജീവിച്ചുപോരുന്നത്. ഏഴുവര്‍ഷം മുമ്പ് സഹോദരന്‍ മരിച്ചതിനെ തുടര്‍ന്ന് നാലു മക്കളുണ്ടായിരുന്ന സഹോദര ഭാര്യയെ വിവാഹം ചെയ്യുകയായിരുന്നു. ദമ്പതികള്‍ക്ക് പിന്നീട് പെണ്‍കുട്ടികളുണ്ടായെങ്കിലും ഒരു വര്‍ഷം മുമ്പ് ഒരു മകള്‍ മരിച്ചു.
മുകളുടെ ചെവിയറുക്കുമ്പോള്‍ തനിക്ക് ബോധം ഉണ്ടായിരുന്നില്ലെന്നും എല്ലാം മറ്റാരോ ചെയ്യിച്ചുവെന്നുമാണ് ഇയാള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
ജി.ടി.ബി എന്‍ക്ലേവ് പോലീസ് കേസെടുത്തപ്പോഴാണ് പ്രേതമാണ് ചെയ്യിച്ചതെന്നും ഭര്‍ത്താവിനെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തിയത്.