Sorry, you need to enable JavaScript to visit this website.

വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തതിന് ശശി തരൂര്‍ ക്ഷമ ചോദിച്ചു

ആറു മണിക്കൂര്‍ ചൂതാട്ടത്തില്‍ സൗദി രാജകുമാരന് 350 ദശലക്ഷം ഡോളറും അഞ്ച് ഭാര്യമാരേയും നഷ്ടമായെന്ന വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് നേതാവും എം.പിയും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂര്‍ ക്ഷമ ചോദിച്ചു. മാജിദ് ബിന്‍ അബ്ദുല്ല ബിന്‍ അബുദല്‍ അസീസ് അല്‍ സൗദ് രാജകുമാരന് വന്‍ നഷ്ടം നേരിട്ടുവെന്ന് വേള്‍ഡ് ന്യസ് ഡെയിലി റിപ്പോര്‍ട്ടില്‍ വന്ന വാര്‍ത്തയാണ് ഏതാനും ആഴ്ചമുമ്പ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നത്. വ്യാജ വാര്‍ത്തക്ക് കുപ്രസിദ്ധി ഈ നേടിയ ഈ സൈറ്റിന്റെ ചതിയില്‍ തരൂര്‍ മാത്രമല്ല, പത്രങ്ങളും കുടുങ്ങിയിരുന്നു.
വ്യാജ വര്‍ത്തകള്‍ എങ്ങനെ മുസ്്‌ലിംകള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിക്കുന്നുവെന്ന് വിശദീകരിച്ച് കോളമിസ്റ്റും അസി. പ്രൊഫസറുമായ എം. റിയാസ് ഓണ്‍ലൈന്‍ അഭിപ്രായ വേദിയായ ഡെയിലിഒ യില്‍ എഴുതിയ ലേഖനത്തെ തുടര്‍ന്നാണ് ശശി തരൂര്‍ ക്ഷമ ചോദിച്ചത്. തരൂരിനെ വിമര്‍ശിക്കുന്ന റിയാസിന്റെ ലേഖനം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. വലിയ ആളുകള്‍ക്കു മാത്രമേ ഇങ്ങനെ തെറ്റു തിരുത്താന്‍ സാധിക്കുകയുളളൂവെന്ന് പറഞ്ഞ് ട്വിറ്റര്‍ ഉപയോക്താക്കള്‍ തരൂരിനെ അനുമോദിക്കുകയും ചെയ്തു.


ബി.ജെ.പി നേതാവ് സംബീത് പത്ര  ഒരു വ്യാജ വര്‍ത്ത ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് മനസ്സിലാക്കാമെങ്കിലും അറിയപ്പെടുന്ന വ്യാജവാര്‍ത്താ സൈറ്റില്‍ വന്ന ഒരു ഇല്ലാത്ത വാര്‍ത്ത കോണ്‍ഗ്രസ് നേതാവും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂര്‍ എങ്ങനെ ട്വീറ്റ് ചെയ്യുമെന്ന ചോദ്യമാണ് ലേഖനത്തില്‍ റിയാസ് ചോദിച്ചത്.  ശകുനിയോട് സാമ്യപ്പെടുത്തി ഒരു സംശയവുമില്ലാതെയാണ് മേയ് 30 ന് ഇത് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. താനടക്കം പലരും ട്വിറ്ററിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഒരു ദിവസം മുഴുവന്‍ വിവാദ ട്വീറ്റ് അവിടെ തന്നെ ഉണ്ടായിരുന്നുവെന്ന് റിയാസ് പറയുന്നു. ഇതു സംബന്ധിച്ച് ഫേസ് ബുക്കില്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടതോടെയാണ് ശശി തരൂര്‍ ട്വീറ്റ് പിന്‍വലിച്ചത്.


തരൂരിനെ മാത്രം പഴിക്കേണ്ടെന്നും കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ഉര്‍ദു ദിനപത്രമായ അഖ്ബാര്‍ മശാരിഖ് ഇത് വലിയ വാര്‍ത്തയാക്കിയ കാര്യവും റിയാസ്  അനുസ്മരിക്കുന്നു.
ബന്ധുവും 12 വയസ്സായ ബാലനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ ഗുഹ്യസ്ഥാനം പശയിട്ടൊട്ടിച്ച ഖത്തരി ഭര്‍ത്താവിനെ കുറിച്ചുള്ള വ്യാജ വാര്‍ത്ത തുറന്നു കാണിച്ചു കൊണ്ടുള്ളതാണ് റിയാസിന്റെ ലേഖനം. തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഭാവനയില്‍ വിരിയുന്നതാണെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന വേള്‍ഡ് ന്യൂസ് ഡെയിലി തന്നെയാണ് ഈ വാര്‍ത്തയും നല്‍കിയിരുന്നത്. ഇപ്പോഴും പലരും അതു ഷെയര്‍ ചെയ്യുന്നു. ഇത് വ്യാജ വാര്‍ത്തയാണെന്ന് ഇന്ത്യന്‍ എക്‌സപ്രസ് മെയ് 31 ന് തന്നെ തുറന്നു കാണിച്ചിരുന്നു.

 

 
 

Latest News