ന്യൂദല്‍ഹി- ഗുജറാത്ത് ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് എ.എ. ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന സുപ്രീം കോടതി കൊളീജിയത്തിന്റെ നിര്‍ദേശം നരേന്ദ്ര മോഡി സര്‍ക്കാര്‍ തള്ളി. പകരം ജസ്റ്റിസ് രവി ശങ്കര്‍ ഝായെ നിയമിക്കുകയും ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കുമാര്‍ സേത്ത് ജൂണ്‍ ഒമ്പതിനു വിരമിക്കുന്ന ഒഴിവിലേക്ക് ജസ്റ്റിസ് ഖുറേശിയെ നിയമിക്കണമെന്നായിരുന്നു കൊളീജിയം കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നത്. സ്ഥലംമാറ്റം ലഭിച്ച ജ.ഖുറേശി ഇപ്പോള്‍ ബോംബെ ഹൈക്കോടതി ജഡ്ജ് ആണ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ജസ്റ്റിസ് ഖുറേശിയെ കേന്ദ്രം പൊടുന്നനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ജസ്റ്റിസ് സുഭാഷ് റെഡ്ഢിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവി ഒഴിഞ്ഞു കിടക്കുന്നതനിടെയായിരുന്നു ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജ. ഖുറേശിയുടെ സ്ഥലംമാറ്റം. ചീഫ് ജസ്റ്റിസ് പദവിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ജ. ഖുറേശിയുടെ സ്ഥാനക്കയറ്റം തടയാനാണ് ഈ സ്ഥലംമാറ്റമെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു.
മേയ് 13-നാണ് കൊളീജിയം ജസ്റ്റിസ് ഖുറേശിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. എല്ലാ നിലയ്ക്കും ഈ പദവിക്ക് യോഗ്യന്‍ ജസ്റ്റിസ് ഖുറേശിയാണെന്ന് കൊളീജിയം വ്യക്തമാക്കിയിരുന്നു.