ന്യൂദല്‍ഹി- മുത്തലാഖ് നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കഴിഞ്ഞ മോഡി സര്‍ക്കാരിന്റെ കാലത്ത് പാസാക്കാന്‍ സാധിക്കാതിരുന്ന മുത്തലാഖ് നിയമം ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണെന്നും അതിനാല്‍ നിയമം വീണ്ടും കൊണ്ടുവരുന്നതിലെന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം പാസാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ വീണ്ടും നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. മുത്തലാഖ് ബില്‍ പ്രകാരം മുത്തലാഖ് ചൊല്ലുന്നത് ജാമ്യം ലഭിക്കാത്ത ക്രിമിനല്‍ കുറ്റമാണ്. കുറ്റാരോപിതന് കോടതിയില്‍ നിന്ന് മാത്രമേ ജാമ്യം നേടാന്‍ സാധിക്കു. ഭാര്യയുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍ പാടുള്ളു എന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.