അമരാവതി- രാജ്യത്ത് ഇതാദ്യമായി ഒരു സംസ്ഥാനത്ത് അഞ്ച് ഉപമുഖ്യമന്ത്രിമാർ വരുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അഞ്ച് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. പാർട്ടി എം.എൽ.എ മുഹമ്മദ് മുസ്തഫ ശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്.
പിന്നോക്ക വിഭാഗങ്ങളിൽനിന്നുള്ളവരെ ഭരണത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ന് പൊതുചടങ്ങിലായിരിക്കും മന്ത്രിമാരെ പ്രഖ്യാപിക്കുക. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. ഒരാൾ പിന്നാക്കവിഭാഗത്തിൽനിന്നും മറ്റൊരാൾ കാപ്പു വിഭാഗത്തിൽനിന്നും.
പട്ടിക ജാതി, പട്ടിക വർഗം, പിന്നാക്ക വിഭാഗം, ന്യൂനപക്ഷം, കാപ്പു എന്നീ വിഭാഗങ്ങളിൽനിന്നുള്ളവരെയാണ് ഉപമുഖ്യമന്ത്രിമാരായി ജഗൻ തെരഞ്ഞെടുക്കുന്നത്.
25 അംഗ മന്ത്രിസഭയും രൂപീകരിക്കും. ഭൂരിപക്ഷവും ദുർബല വിഭാഗങ്ങളിൽനിന്നായിരിക്കും. രണ്ടര വർഷത്തിനു ശേഷം സർക്കാരിന്റെ പ്രകടനം വിലയിരുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗൻ വ്യക്തമാക്കി. ഇന്നലെ ജഗന്റെ വസതിയിൽ നടന്ന പാർട്ടി യോഗത്തിലാണു തീരുമാനം. വൈ.എസ്.ആർ കോൺഗ്രസിന്റെ മുഴുവൻ എം.എൽ.എമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. 175 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പിൽ 151 സീറ്റിലും വൈ.എസ്.ആർ കോൺഗ്രസ് ആണ് ജയിച്ചത്.