ന്യൂദല്‍ഹി- പാര്‍ലമെന്റ് സമ്മേളനത്തില്‍ സഹകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധിയുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട എല്ലാ സഹകരണവും ആവശ്യപ്പെട്ടെന്നും സോണിയയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും അര്‍ജുന്‍ രാം മേഘ്‌വാളും പ്രഹ്ലാദ് ജോഷിക്കൊപ്പം സോണിയയെ കാണാനെത്തിയിരുന്നു. പ്രതിപക്ഷത്തെക്കൂടി അടുപ്പിച്ചു നിര്‍ത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് പ്രഹ്ലാദ് ജോഷി സോണിയയുമായി ഇന്നലെ നടത്തിയ 15 മിനിറ്റ് നീണ്ട കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ഡി.എം.കെ ലോക്‌സഭാ കക്ഷി നേതാവ് ടി.ആര്‍ ബാലു എന്നിവരുമായി പ്രഹ്ലാദ് ജോഷി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ മാസം 17 നാണ് ലോക്‌സഭാ സമ്മേളനം ആരംഭിക്കുന്നത്. 20ന് രാജ്യസഭാ സമ്മേളനവും ആരംഭിക്കും. പൊതു ബജറ്റിന് പുറമേ പത്തോളം ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ കൂടി സര്‍ക്കാരിന് പദ്ധതിയുണ്ട്. മുത്തലാഖ് ബില്‍ വീണ്ടും അവതരിപ്പിക്കുമെന്നും കരുതുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ നടക്കും. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 19ന് നടക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ 20ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യും.