പകലെടുത്ത തീരുമാനം രാത്രി തിരുത്തേണ്ടി വന്നു
ന്യൂദല്‍ഹി- സുപ്രധാന കാബിനറ്റ് സമിതികളില്‍നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ ഒഴിവാക്കി ആഭ്യന്തരമന്ത്രി അമിത്ഷാ അധികാര കേന്ദ്രമായി മാറുന്നുവെന്ന ആരോപണത്തിന് തടയിട്ട് മോഡി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമനകാര്യം, സര്‍ക്കാര്‍ ഭവനങ്ങളിലെ താമസം, സാമ്പത്തിക കാര്യം, പാര്‍ലമെന്ററി കാര്യം, രാഷ്്ട്രീയ കാര്യം, സുരക്ഷ, നിക്ഷേപവും വളര്‍ച്ചയും, തൊഴിലും നൈപുണ്യ വികസനത്തിനുമുള്ള കാബിനറ്റ് സമിതികളില്‍ എല്ലാം അമിത്ഷാ ഉള്‍പ്പെട്ടിരുന്നു. പകല്‍ രൂപീകരിച്ച സമിതികളില്‍ രാജ്‌നാഥ് സിംഗ് ഇല്ലാതിരുന്നത് വിവാദമായപ്പോള്‍ രാത്രി പുന:സംഘടന നടത്തി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയാണ് മോഡി, ഷാ ടീം പരിഹാരം കണ്ടെത്തിയത്.
മോഡി മന്ത്രിസഭ അധികാരമേറ്റതിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ 5.57നാണ് പുതിയ കാബിനറ്റ് സമിതികളുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നത്. രാജ്‌നാഥിനെ ഒഴിവാക്കിയ വിവാദത്തിന് പിന്നാലെ അദ്ദേഹത്തെ നാലു സമിതികളില്‍ കൂടി ഉള്‍പ്പെടുത്തി ഔദ്യോഗിക പ്രഖ്യാപനം വന്നതാകട്ടെ രാത്രി 10.19നും.
അതിനിടെ, തത്വത്തില്‍ മന്ത്രിസഭയില്‍ രണ്ടാമനായ തന്നെ സുപ്രധാന സമിതികളില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങി എന്നും പിന്നീട് മോഡി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍, രാജ്‌നാഥ് സിംഗ് തന്നെ പിന്നീട് താന്‍ രാജിക്കൊരുങ്ങി എന്ന വാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ആദ്യം പുറത്തു നിര്‍ത്തിയതിനെക്കുറിച്ചോ പിന്നീട് ഉള്‍പ്പെടുത്തിയതിനെക്കുറിച്ചോ സര്‍ക്കാരും ബി.ജെ.പിയും പ്രത്യേക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടുമില്ല.
ആദ്യ പട്ടിക വന്നപ്പോള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രണ്ടു സമിതികളില്‍ മാത്രമാണ് അംഗമായിരുന്നത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍ ഏഴിലും പിയൂഷ് ഗോയല്‍ അഞ്ച് സമിതികളിലും അംഗങ്ങളായിരുന്നപ്പോഴാണ് രാജ്‌നാഥ് സിംഗ് രണ്ടില്‍ മാത്രമായി ഒതുങ്ങിയത്. എന്നാല്‍, രാജ്‌നാഥ് സിംഗിനെ ഒതുക്കി എന്ന ആരോപണം ശക്തമായതോടെ രാത്രി വൈകി പരിഷ്‌കരിച്ച പട്ടികയിറക്കി അദ്ദേഹത്തെ മറ്റു നാല് സമിതികളില്‍ കൂടി അംഗമാക്കുകയായിരുന്നു.
സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍ മാത്രമാണ് ആദ്യ പട്ടികയില്‍ രാജ്‌നാഥ് സിംഗ് ഉണ്ടായിരുന്നത്. പിന്നീട് രാത്രി വൈകിയിറക്കിയ പട്ടികയില്‍ രാഷ്ട്രീയകാര്യം, പാര്‍ലമെന്ററികാര്യം, നിക്ഷേപവും വളര്‍ച്ചയും, തൊഴിലും നൈപുണ്യ വികസന സമിതികളില്‍ കൂടി രാജ്‌നാഥ് സിംഗിനെ ഉള്‍പ്പെടുത്തി.
എട്ടു സമിതികളില്‍ അംഗമായ ആഭ്യന്തരമന്ത്രി അമിത്ഷാ രണ്ടു സമിതികളുടെ അധ്യക്ഷനാണ്. ആറു സമിതികളില്‍ അംഗമായ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ സമിതികളുടെയെല്ലാം അധ്യക്ഷനുമാണ്. കേരളത്തില്‍ നിന്നുള്ള സഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്.
നരേന്ദ്ര മോഡി മന്ത്രിസഭയില്‍ രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ രാജ്‌നാഥിനെ ഒഴിവാക്കിയതില്‍ ബി.ജെ.പിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മന്ത്രിസഭ സമിതിയില്‍ ആരൊക്കെ വേണം എന്നത് തീരുമാനിക്കുന്നത് പ്രധാനമന്ത്രി ആണെങ്കിലും രാത്രി വൈകി തീരുമാനം തിരുത്തേണ്ടി വന്നു.
പ്രധാനമന്ത്രി മോഡി അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും ആദ്യം മുതിര്‍ന്ന മന്ത്രിയായ രാജ്‌നാഥ് സിംഗ് ഇല്ലാതിരുന്നതാണ് ആദ്യം പ്രതിഷേധത്തിനും വിവാദത്തിനും വഴിതെളിച്ചത്. മുന്‍ പ്രതിരോധ മന്ത്രിമാരായിരുന്ന മനോഹര്‍ പരീക്കറും നിര്‍മല സീതാരാമനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയകാര്യ സമിതികളില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് പുന:സംഘടിപ്പിച്ച രാഷ്ട്രീയകാര്യ സമിതിയില്‍ ഇപ്പോള്‍ മോഡിക്ക് പുറമേ അമിത്ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, നിതിന്‍ ഗഡ്കരി, രാംവിലാസ് പസ്വാന്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഡോ. ഹര്‍ഷവര്‍ധന്‍, ഹര്‍സിമ്രത് കൗര്‍ ബാദല്‍, പിയൂഷ് ഗോയല്‍, അരവിന്ദ് സാവന്ത്, പ്രഹ്ലാദ് ജോഷി എന്നീ മന്ത്രിമാരാണുള്ളത്.
വിവിധ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള സ്ഥിരം സമിതികളായാണ് കാബിനറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ മന്ത്രിസഭയ്ക്ക് വീണ്ടും പരിശോധിക്കാനും സാധിക്കും.