ന്യുദല്‍ഹി- കഴിഞ്ഞ ദിവസം പുനഃസംഘടിപ്പിക്കപ്പെട്ട സുപ്രധാന മന്ത്രിസഭാ സമിതികളില്‍ തഴയപ്പെട്ട പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെ രാത്രിയോടെ വിവിധ സമിതികളില്‍ ഉള്‍പ്പെടുത്തി. എട്ടു സമിതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ആദ്യം രാജ്‌നാഥിനെ ഉള്‍പ്പെടുത്തിയിരുന്നത്. പിന്‍ഗാമിയായി ആഭ്യന്ത്രി മന്ത്രിയായ അമിത് ഷായെ എട്ടു സമിതികളിലും ഉള്‍പ്പെടുത്തിയിരുന്നു. തഴയപ്പെട്ടതിന് രാജി ഭീഷണി മുഴക്കി എന്ന റിപോര്‍ട്ടുകളെ രാജ്‌നാഥ് സിങിന്റെ ഓഫീസ് തള്ളിയിട്ടുണ്ട്. ഇതിനിടെ രാത്രിയോടെ വീണ്ടും പ്രസിദ്ധീകരിച്ച പട്ടികയില്‍ രാഷ്ട്രീയ കാര്യ സമിതി ഉള്‍പ്പെടെ ആറു സമിതികളില്‍ രാജ്‌നാഥിനെ ഉള്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആറു സമിതികളിലാണ് ഉള്‍പ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍ക്കാരില്‍ രണ്ടാമനായി മാറിയെന്ന വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് സമതികള്‍ വീണ്ടും അഴിച്ചുപണിതത്. അമിത് ഷാഎട്ടു സമിതികളിലും ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴു സമിതികളിലും ഉണ്ട്.
ഒന്നാം മോഡി മന്ത്രിസഭയില്‍ രണ്ടാമനായിരുന്ന രാജ്‌നാഥ് സിങിനെ ഇത്തവണ വെറും രണ്ടു സമിതികളില്‍ മാത്രം ഒതുക്കിയത് സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത്തവണയും കീഴ്‌വഴക്ക പ്രകാരം രാജ്‌നാഥാണ് രണ്ടാമന്‍. പ്രധാനമന്ത്രിക്കു തൊട്ടു ശേഷം സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിയെ സര്‍ക്കാരിലെ രണ്ടാമനായി കണക്കാക്കി പോരുന്നതാണ് പതിവു രീതി. എന്നാല്‍ സമിതികളില്‍ നിന്ന് മാറ്റി നിര്‍ത്തിയത് രാജ്‌നാഥിനെ ചൊടിപ്പിച്ചതായും റിപോര്‍ട്ടുണ്ട്. ആര്‍എസ്എസ് ഇടപെട്ടതോടെയാണ് അദ്ദേഹത്തെ വീണ്ടും സമിതികളില്‍ ഉള്‍പ്പെടുത്തിയതെന്നും സൂചനയുണ്ട്.