പൂനെ- തെരഞ്ഞെടുപ്പു ജയിക്കാന്‍ ഉണ്ടായിരിക്കേണ്ട ഗുണവിശേഷങ്ങള്‍ ആര്‍എസ്എസ് സ്വയംസേവകരില്‍ നിന്നു പഠിക്കണമെന്ന് എന്‍സിപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന്റെ ഉപദേശം. പൂനെയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പവാര്‍. ക്ഷമ, സ്ഥിരത, നിഷ്ഠ എന്നിവ ആര്‍എസ്എസില്‍ നിന്ന് പഠിക്കണം. ജനങ്ങളുടെ വിശ്വാസം എങ്ങനെ നേടിയെടുക്കാമെന്നും അവര്‍ക്കറിയാമെന്നും പവാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഒരു മുതിര്‍ന്ന ബിജെപി നേതാവുമായി സംസാരിച്ചതും അദ്ദേഹം സദസ്യരോട് പങ്കുവച്ചു. ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തെ എന്തു കൊണ്ട് അംഗീകരിക്കുന്നില്ലെന്ന് താന്‍ വിശദമാക്കിയപ്പോള്‍ സ്വയം സേവകര്‍ ഏതു സാഹചര്യങ്ങളിലും കാണിക്കുന്ന ക്ഷമ, സ്ഥിരത, നിഷ്ഠ എന്നിവയെ കുറിച്ചാണ് ബിജെപി നേതാവ് വിശദീകരിച്ചതെന്ന് പവാര്‍ പറഞ്ഞു.
ഏതെങ്കിലും വീട്ടുകാരുമായി നേരിട്ടു ബന്ധപ്പെടണമെന്ന് നിര്‍ദേശം ലഭിച്ചാല്‍ ആര്‍എസ്എസ് സ്വയംസേവക് അതു സാധ്യമാകുന്നതുവരെ ശ്രമം തുടരും. എന്നാല്‍ എന്‍സിപികാരുടെ കാര്യമെടുത്താല്‍ അവര്‍ ഒരിക്കല്‍ മുട്ടിയിട്ടു തുറക്കാത്ത വാതില്‍ പിന്നീട് മുട്ടാന്‍ പോകുകയില്ല-പവാര്‍ പറഞ്ഞു.