ന്യൂദല്‍ഹി-കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ ) സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ചര്‍ച്ച നടത്തില്ല. കൂടിക്കാഴ്ച ഇതുവരെ നിശ്ചയിച്ചിട്ടില്ല എന്നാണ് കേന്ദ്ര വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയത്.
പുല്‍വാമയില്‍ നിരവധി സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ആക്രമണത്തിനും തുടര്‍ന്ന് ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനും പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിരുന്നു. ഇതിനിടെ ഭീകരവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ മോഡിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനം അറിയിച്ച് ഇംറാന്‍ ഖാന്‍ മോഡിയെ വിളിച്ചതോടെ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇംറാന്‍ ഖാന് ക്ഷണം ഉണ്ടായിരുന്നില്ല.