പട്‌ന- ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് തന്നെ വിമർശിച്ച ബി.ജെ.പി എം.പി ഗിരിരാജിന് വീണ്ടും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഹരം. പൊതുമണ്ഡലത്തിൽ സജീവമാണെന്ന് കാട്ടാൻ ഇത്തരം അനാവശ്യ പ്രസ്താവനകളുമായി നടക്കുന്നവർ യഥാർഥത്തിൽ ഒരു മതത്തിലും വിശ്വസിക്കാത്തവരാണെന്ന് നിതീഷ് കുറ്റപ്പെടുത്തി. ഇന്നലെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ നടന്ന ഈദ്ഗാഹിൽ സംബന്ധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗിരിരാജ്, താങ്കൾ പറഞ്ഞതിനെക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. മാധ്യമശ്രദ്ധ കിട്ടാൻ അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നത് ചിലരുടെ ശീലമാണ്. അങ്ങനെയുള്ളവർക്ക് മതമില്ല. കാരണം എല്ലാ മതങ്ങളും പരസ്പര ബഹുമാനവും സ്‌നേഹവുമാണ് പ്രഘോഷിക്കുന്നത്- നിതീഷ് പറഞ്ഞു.
നിസ്‌കാരത്തൊപ്പി ധരിച്ചെത്തിയ നിതീഷ് വിശ്വാസികൾക്ക് ആശംസ നേരുകയും അവരോടൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്തു.
സാഹോദര്യവും സമാധാനവും നിലനിർത്താൻ എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു. ബിഹാറിൽ ഇത്തവണ മഴ കുറവാണ്. വരൾച്ചയിലേക്കാണ് നീങ്ങുന്നത്. ഇവിടെ നല്ല മഴ ലഭിക്കാൻ നിങ്ങൾ പ്രാർഥിക്കണം. ഒരുമിച്ചു പ്രവർത്തിക്കുക. മോശമായ ഭാഷ ഉപയോഗിക്കുന്നത് നിർത്തുക. ഏതു മതത്തിലും നിങ്ങൾക്ക് വിശ്വസിക്കാം. എല്ലാ മതവും പരസ്പര ആദരവും സ്‌നേഹവുമാണ് പഠിപ്പിക്കുന്നത്. അതിന് എതിരെ പ്രവർത്തിക്കുന്നവർക്ക് മതമില്ല- നിതീഷ് പറഞ്ഞു.
പതിവിന് വിപരീതമായി ഇത്തവണ ബി.ജെ.പിയുടെ പല നേതാക്കളും ഈദ് ഗാഹുകളിലെത്തിയിരുന്നു. നാഗ്പൂരിൽ ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നിസ്‌കാരത്തൊപ്പി ധരിച്ചാണ് എത്തിയത്. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിക്ക് ഈദാശംസ നേരാൻ സഹപ്രവർത്തകർ എത്തിയതിന്റെ ചിത്രങ്ങളും വാർത്താ ഏജൻസികളിൽ നിറഞ്ഞു.