Sorry, you need to enable JavaScript to visit this website.

ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാര്‍ -ട്രംപ്

ലണ്ടന്‍- ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനുമായി വ്യാപാര കരാര്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെരേസ മേയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് ട്രംപ് ബ്രിട്ടനില്‍ എത്തിയത്. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ വെച്ച് ബ്രിട്ടീഷ് മന്ത്രിമാര്‍ക്കും വ്യവസായ പ്രമുഖര്‍ക്കുമൊപ്പമായിരുന്നു ട്രംപ് മാധ്യമങ്ങളോട് സംസാരിച്ചത്. ബ്രെക്‌സിറ്റ് ബ്രിട്ടന് അനിവാര്യമാണെന്നും, ബ്രെക്‌സിറ്റിനുശേഷം ബ്രിട്ടനുമായി വ്യാപാര കരാറുണ്ടാക്കാനാകുമെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിലും ബ്രിട്ടനുമായി കരാര്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്ത് തെരേസാ മേ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ചൈനീസ് കമ്പനിയായ ഹ്വവേയുമായുള്ള വാണിജ്യബന്ധം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായും ട്രംപ് പറഞ്ഞു.
തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജി വെയ്ക്കുന്ന ആഴ്ച തന്നെയുള്ള ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തില്‍ സെന്‍ട്രല്‍ ലണ്ടനില്‍ ലിബറല്‍, ഗ്രീന്‍ പാര്‍ട്ടികളുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച പ്രതിഷേധറാലി നടന്നു.

 

Latest News