ന്യൂദല്‍ഹി- പൊതു തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയത്തിന് ശേഷവും കോണ്‍ഗ്രസ് നേതൃത്വം മാറ്റത്തിന് തയാറാവുന്നില്ല. ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയെയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.
രാജസ്ഥാനിലും മഹാരാഷ്ട്രയിലും തമ്മിലടി എല്ലാ പരിധിയും വിട്ടു. കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയില്‍ നോക്കുകുത്തിയുടെ അവസ്ഥയിലാണിപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലടിക്കുന്നു. ജോധ്പ്പൂര്‍ മണ്ഡലത്തില്‍ തന്റെ മകന് നേരിടേണ്ടി വന്ന ദയനീയ പരാജയമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. പി.സി.സി പ്രസിഡന്റുകൂടിയായ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് മകന്‍ വൈഭവ് ഗെലോട്ടിന്റെ തോല്‍വിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. മൂന്നു ലക്ഷത്തിലേറെ വോട്ടിനാണ് വൈഭവ് പരാജയപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെ സംപൂജ്യരായി, രാജസ്ഥാനില്‍ കോണ്‍ഗ്രസ് മാറിയത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ അമ്പരപ്പിച്ചു. ഇവിടെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ രണ്ട് വിഭാഗമായി കോണ്‍ഗ്രസ് മാറി കഴിഞ്ഞു. ഭരണത്തിലും ഇത് പ്രതിഫലിച്ചതോടെ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ തന്നെ രംഗത്ത് വരുന്ന സാഹചര്യവുമുണ്ടായി. രാം നാരായണന്‍ മീണ എന്ന എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കുറ്റകൃത്യങ്ങള്‍ കൂടുന്നുവെന്ന് ആരോപിച്ച് ടൂറിസം മന്ത്രി വിശേന്ദ്ര സിങ് പോലീസിനെ വിമര്‍ശിച്ച് രംഗത്ത് വന്നതും അപ്രതീക്ഷിതമായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ മുന്‍ ഡി.ജി.പി ഹരീഷ് മീണ നിരാഹാര സമരവും നടത്തി. ഇതിന് ബി.ജെ.പി പിന്തുണയുണ്ടായത് മുഖ്യമന്ത്രിയെയും ഞെട്ടിച്ചിരുന്നു. കോണ്‍ഗ്രസിലെ ചേരിപ്പോര് ഗെലോട്ട് സര്‍ക്കാറിന്റെ തകര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു പോകുന്നത്. ബി.ജെ.പിക്ക് വീണ്ടും ഭരണ സാധ്യതയിലേക്കാണ് രാജസ്ഥാനിലെ സാഹചര്യം ഉരുത്തിരിയുന്നത്.
ഉടന്‍ തന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ തന്നെ കാവിയണിയാന്‍ റെഡിയായി നില്‍ക്കുകയാണ്. എം.എല്‍.എ സ്ഥാനം അദ്ദേഹം രാജിവെച്ചു കഴിഞ്ഞു. മൂന്നുവട്ടം എം.എല്‍.എയും സഹമന്ത്രിയുമായിരുന്ന അബ്ദുള്‍ സത്താറും കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. ബിജെപിയില്‍ ചേരാനാണ് ഈ എം.എല്‍.എയുടെയും പദ്ധതി. നേതൃത്വവുമായി ഇടഞ്ഞ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങിയിരിക്കുകയാണ്.
എം.എല്‍.എ സ്ഥാനം രാജിവെച്ച വിഖെ പാട്ടീല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന് മന്ത്രിപദവി ബി.ജെ.പി വാഗ്ദാനം ചെയ്തതായാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ അഹമ്മദ് നഗറില്‍നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ഈ സീറ്റ് എന്‍.സി.പിക്ക് വിട്ടു നല്‍കിയതാണ് സുജയ് വിഖെയെ കാവി പാളയത്തില്‍ ചേക്കേറാന്‍ പ്രേരിപ്പിച്ചത്. മകന്റെ വിജയത്തിനായി രാധാകൃഷ്ണ വിഖെ തന്നെ പ്രചാരണത്തിനിറങ്ങിയത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുന്നതിന് നിര്‍ണ്ണായക പങ്കും വഹിച്ചു.
ഒക്ടോബറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരമാവധി എം.എല്‍.എമാരേയും നേതാക്കളെയും ഒപ്പം കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ രാധാകൃഷ്ണ വിഖെ നടത്തുന്നത്. കാവി രാഷ്ട്രീയത്തിന് വ്യാവസായിക തലസ്ഥാനത്ത് കരുത്ത് പകരാനുള്ള ഈ നീക്കത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്.
കര്‍ണ്ണാടകയിലും കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലാണ്. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ പരാജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ജെ.ഡി.എസ് ആരോപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് എം.എല്‍.എമാരും രോഷത്തിലാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ തന്നെ നേതാക്കളില്‍ പ്രതിഷേധം ശക്തമാണ്. എം.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ ഇവിടെ ഹൈക്കമാന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം വകവയ്ക്കാത്ത സാഹചര്യമാണുള്ളത്. സ്വയം കുമാരസ്വാമി സര്‍ക്കാര്‍ വീഴുമെന്ന ബി.ജെ.പി പ്രതികരണത്തില്‍തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
ദേവഗൗഡയുടെ തോല്‍വിയില്‍ പ്രതിഷേധിച്ച് ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ രാജിവെച്ചത് ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തെ ഉലച്ചിട്ടുണ്ട്. മധ്യപ്രദേശിലാകട്ടെ ഇപ്പോള്‍ തന്നെ നൂലിന്‍മേലാണ് കമല്‍നാഥ് സര്‍ക്കാറിന്റെ സഞ്ചാരം. ഇവിടെയും കമല്‍നാഥ്-ജോതിരാദിത്യ സിന്ധ്യ ഗ്രൂപ്പുകള്‍ തമ്മിലാണ് കോണ്‍ഗ്രസില്‍ പോര്. ബി.എസ്.പി തല്‍ക്കാലം പിന്തുണ പിന്‍വലിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കോണ്‍ഗ്രസില്‍നിന്നു തന്നെ കൂറ് മാറ്റം ഉണ്ടായി സര്‍ക്കാര്‍ താഴെ പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.