കൊച്ചി-നിപ്പ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനത്തുടനീളം സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് വേണ്ട തീരുമാനം ബുധനാഴ്ച വൈകുന്നേരത്തോടെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ്പ രോഗ ബാധിതന്റേയും ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നല്‍കുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
അതിനിടെ, നിപ്പ വൈറസ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡിസ് അടങ്ങിയിട്ടുള്ള മരുന്ന് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായതിനാല്‍ ഈ മരുന്ന് നല്‍കേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ള 311 പേരുടെ കണക്കുകള്‍ വൈകുന്നേരത്തോടെ വ്യക്തമാക്കും. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.