തിരുവനന്തപുരം- നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ, നാല് ജില്ലകളില്‍ അതീവ ജാഗ്രത. എറണാകുളം, തൃശൂര്‍, കൊല്ലം, ഇടുക്കി ജല്ലകളിലാണ് ആരോഗ്യ വകുപ്പ് നിരീക്ഷണവും തുടര്‍നടപടികളും ശക്തമാക്കിയത്. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി ഈ മേഖലയില്‍ സഞ്ചരിച്ചതിനാലാണ് ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ കാരണം. ഒരു വര്‍ഷത്തിനുശേഷം ആരോഗ്യമേഖല വീണ്ടും അഭിമുഖീകരിക്കുന്ന വെല്ലുവിളി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥി മേയ് 16ന് താമസിച്ച തൊടുപുഴയിലും പിന്നീടെത്തിയ തൃശൂര്‍, സ്വദേശമായ പറവൂര്‍ എന്നിവിടങ്ങളും കേന്ദ്രീകരിച്ചാണു പ്രധാനമായും നിരീക്ഷണം. വൈറസിന്റെ സ്രോതസ്സ് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തൃശൂരില്‍ കര്‍മസമതി രൂപീകരിച്ചിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നതതല സംഘമാണ് പരിശോധനകള്‍ നടത്തുക. വവ്വാലുകളെ നിരീക്ഷിച്ചും സ്രവങ്ങള്‍ പരിശോധിച്ചും പഠനം നടത്തും.