ബംഗളൂരു- കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡന്റ് എ.എച്ച്. വിശ്വനാഥ് രാജിവെച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയെ തുംകൂറില്‍ മത്സരിപ്പിക്കാനും തോല്‍പിക്കാനും ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം വഞ്ചിക്കപ്പെട്ടുവെന്നും വിശ്വനാഥ് ആരോപിച്ചു. ബി.ജെ.പിയില്‍ ചേരാനുള്ള സാധ്യത വിശ്വനാഥ് തള്ളി.
കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ പരാജയത്തിനു ശേഷം പ്രമുഖ നേതാവിന്റെ ആദ്യ രാജിയാണിത്. കര്‍ണാടകയിലെ 28 സീറ്റുകളില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒരു സീറ്റ് വീതം നേടാന്‍ മാത്രമാണ് സാധിച്ചത്. 25 സീറ്റ് നേടിയ ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലത അംബരീഷ് മാണ്ഡ്യ സീറ്റിലും വിജയിച്ചിരുന്നു.
പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് സ്വന്തം പാര്‍ട്ടിയില്‍ ഈയിടെയായി ഒറ്റപ്പെടല്‍ നേരിടുന്ന വിശ്വനാഥ് പറഞ്ഞത്. പല പ്രശ്‌നങ്ങളിലും തന്നെ വിശ്വാസത്തിലെടുക്കാത്ത പാര്‍ട്ടി നിലപാടില്‍ അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിരുന്നു.
ഭരണകക്ഷി ഏകോപന സമിതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായി വിശ്വനാഥ് ഈയിടെ പരസ്യമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിച്ച് ഒരു വര്‍ഷമായിട്ടും ഏകോപന സമിതി കണ്‍വീനറായ സിദ്ധരാമയ്യ പൊതു മിനിമം പരിപാടി ഉണ്ടാക്കാന്‍ തയാറായില്ലെന്നാണ് വിശ്വനാഥ് പറഞ്ഞിരുന്നത്. താനോ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവോ ഏകോപന സമിതിയുടെ ഭാഗമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തുംകൂറില്‍ ദേവെഗൗഡ എങ്ങനെയാണ് പരാജയപ്പെട്ടതെന്നും എന്താണ് ഗൂഢാലോചനയെന്നും പാര്‍ട്ടി പ്രസിഡന്റിനെഴുതിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനും രാഷ്ട്രത്തിനും മികച്ച സംഭാവനകളര്‍പ്പിച്ച ദേവെഗൗഡക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സ്ഥാനത്ത് പിന്നെ എന്തു വേണമെന്ന് അദ്ദേഹം ചോദിച്ചു.
സിദ്ധരാമയ്യയാണോ ദേവെഗൗഡയുടെ പരാജയത്തിനു പിന്നിലെന്ന ചോദ്യത്തിന് താന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ലെന്നായിരുന്നു മറുപടി. ആരോഗ്യ പ്രശ്‌നങ്ങളും സുഹൃത്തുക്കളില്‍നിന്നുളള പീഡനവും സഹിച്ചാണ് കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നതെന്ന് കോണ്‍ഗ്രസിനെ സൂചിപ്പിച്ചുകൊണ്ട് വിശ്വാനാഥ് പറഞ്ഞു.
തനിക്ക് മന്ത്രിമോഹമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം മന്ത്രിസ്ഥാനം നല്‍കിയാല്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. സഖ്യ സര്‍ക്കാര്‍ കാലാവധി തികക്കുമെന്നും ജനതാദള്‍ സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങുന്ന ചോദ്യം ഉദിക്കുന്നില്ലെന്നും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സുമലത അംബരീഷിനെതിരെ ചില ജനതാദള്‍ നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്ക് വിശ്വനാഥ് ക്ഷമ ചോദിച്ചു. സുമലത മാണ്ഡ്യയുടെ മരുമകളാണ്. അവര്‍ നമ്മുടെ മകളാണ്. അവരുടെ വികാരം വ്രണപ്പെടുത്തിയതിന് ജെ.ഡി.എസ് പ്രസിഡന്റ് എന്ന നിലയില്‍ മാപ്പ് ചോദിക്കുന്നു -അദ്ദേഹം പറഞ്ഞു.