തലശ്ശേരി- സി.പി.എം അക്രമത്തിൽ പരിക്കേറ്റ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം പ്രാദേശിക നേതാവുമായ സി.ഒ.ടി നസീർ പ്രതികളെ പിടികൂടാത്ത പോലീസ് അനാസ്ഥക്കെതിരെ കോടതിയെ സമീപിച്ചാൽ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് നിയുക്ത എം.പി കെ. മുരളീധരൻ. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരൻ.
നസീറിനെ ആക്രമിച്ച കേസിലെ പ്രതിയാരാണെന്ന് എല്ലാവർക്കും അറിയാം. എം.പിയും എം.എൽ.എയും യോജിച്ച് പോകണ്ടവരാണ്. രണ്ട് വർഷം മുമ്പ് യു.ഡി.എഫ് എം.എൽ.എയായ വിൻസെന്റിനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയിൽ നിയമസഭയിൽ പോലും അദ്ദേഹത്തെ പ്രവേശിപ്പിക്കാതെ രണ്ട് മാസം നെയ്യാറ്റിൻകര ജയിലിലടക്കുകയായിരുന്നു. യു.ഡി.എഫ് എം.എൽ.എ വിൻസെന്റിന്റെ കാര്യത്തിൽ അനുവർത്തിച്ച നയം എല്ലാ കാര്യങ്ങൾക്കും ബാധകമാണ്. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും വെവ്വേറെ നയമല്ല വേണ്ടതെന്നും മുരളീധരൻ പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു എം.എൽ.എയെ നിയമസഭയിൽ പോലും പങ്കെടുപ്പിക്കാതെ ജയിലിലടച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകര പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെതിരെ മത്സരിച്ചതിന്റെ പേരിൽ സി.പി.എം അക്രമത്തിന് ഇരയായ സി.ഒ.ടി നസീർ നൽകിയ മൊഴി ഭരണ കക്ഷി എം.എൽ.എക്കെതിരാണ്. എന്നിട്ടും ഈ സംഭവത്തിൽ ഇതുവരെ എം.എൽ.എയുടെ അറസ്റ്റുണ്ടായില്ല. ഒരേ പന്തിയിൽ രണ്ട് വിളമ്പ് ശരിയല്ലെന്നും വിൻസെന്റ് എം.എൽ.എയുടെ കാര്യത്തിൽ കാണിച്ച ശുഷ്‌കാന്തി നസീർ വധശ്രമ കേസിൽ കാണിച്ചില്ലെന്നും മുരളി കുറ്റപ്പെടുത്തി.
നസീർ വധശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് ഗൂഢാലോചന പുറത്ത് കൊണ്ട് വരേണ്ടതാണ്. അതിന് ആയില്ലെങ്കിൽ നിയമത്തിന്റെ വഴി നോക്കേണ്ടി വരുമെന്നും മുരളി മുന്നറിയിപ്പ് നൽകി.
അക്രമ രാഷ്ട്രീയത്തിനെതിരെയാണ് ഈ തെരഞ്ഞെടുപ്പിൽ വടകരയിൽ യു.ഡി.എഫ് വോട്ട് ചോദിച്ചത.് അക്രമം എവിടെയുണ്ടായാലും അതിനെ നിരുൽസാഹപ്പെടുത്തണം. അക്രമം ഇപ്പോൾ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. വിജയിച്ച എം.പിയെ പോലും കൊല്ലത്ത് തടയാൻ ശ്രമിച്ചു. ജയിച്ചു വന്ന എം.പിയെ വധിക്കാൻ നോക്കിയ സംഭവം വരെ ഇവിടെയുണ്ടായി. അതിനെ മറക്കാൻ വേണ്ടി കടം കൊടുത്തതിന്റെ പേരിൽ ഒരാൾ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും മുരളി കൂട്ടിച്ചേർത്തു. വി.രാധാകൃഷ്ണൻ മാസ്റ്റർ, സജീവ് മാറോളി, എം.പി അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്ണൻ, എം.പി അസൈനാർ, കെ.ഇ പവിത്രരാജ്, കബീർ എന്നിവരും മുരളീധരനൊപ്പമുണ്ടായിരുന്നു.