തിരുവനന്തപുരം- മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അറിയിച്ചു. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് 2019 ജൂലൈ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന സം സ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സമ്മാനിക്കും. പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത് ജോൺ പോൾ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയായിരുന്ന സമ്മാനത്തുക അഞ്ചു ലക്ഷമായി ഉയർത്തിയിരുന്നു. 2016ൽ അടൂർ ഗോപാലകൃഷ്ണനും 2017ൽ ശ്രീകുമാരൻ തമ്പിക്കുമാണ് ജെ.സി ഡാനിയേൽ പുരസ്‌കാരം ലഭിച്ചത്.
എം.ജി.ആർ നായകനായ 'പാശം' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല 1962ൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. തുടർന്നിങ്ങോട്ട് ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഷീല പ്രേക്ഷകമനസ്സുകൾ കീഴടക്കി. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്‌കാരം നേടിയത് ഷീലയാണ്. 1969ൽ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. 1971 ൽ ഒരു പെണ്ണിൻെറ കഥ, ശരശയ്യ, ഉമ്മാച്ചു എ ന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടാം തവണയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. 1976ൽ 'അനുഭവം' എന്ന ചിത്രത്തിലെ അഭിനയത്തിന് മൂന്നാം തവണയും ഇതേ അംഗീകാരം ഷീലയെ തേടിയെത്തി. 2004ൽ 'അകലെ' എന്ന ചിത്രത്തിലെ മാർഗരറ്റ് എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടു ത്തു. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്‌കാരവും ഷീല കരസ്ഥമാക്കിയിരുന്നു. ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികാവേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റെക്കോർഡിന് ഉടമയാണ് ഷീല. പ്രേംനസീറിനോടൊപ്പം 130 ഓളം ചിത്രങ്ങളിൽ ഷീല അഭിനയിച്ചിരുന്നു. 1980ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താൽക്കാലികമായി അഭിനയരംഗത്തു നിന്ന് വിടവാങ്ങി. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലെ കൊച്ചുത്രേസ്യയായി ശക്തമായ തിരിച്ചുവരവ് നടത്തി. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ 'ഒന്നു ചിരിക്കൂ' എന്ന ചിത്രത്തിൻെറ കഥ ഷീലയുടേതാണ്. 'കുയിലിന്റെ കൂട്' എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.