ഭോപ്പാല്‍- ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച 15 പേര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം മധ്യപ്രദേശ് പോലീസ് പിന്‍വലിച്ചു. രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാരണത്താലാണ് പിന്‍വലിച്ചത്. യുവാക്കളില്‍ ഒരാള്‍ക്ക് പോലും ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും രാജ്യദ്രോഹ കുറ്റം പിന്‍വലിക്കാന്‍ കാരണമായെന്ന് ബുര്‍ഹാന്‍പുര്‍ പോലീസ് അറിയിച്ചു.
യുവാക്കളെ അറസ്റ്റ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യദ്രോഹ കുറ്റം പിന്‍വലിക്കുന്നത്. എന്നാല്‍ ഐപിസി 153എ പ്രകാരം ഇവര്‍ക്കെതിരെ സാമുദായിക സൗഹാര്‍ദത്തിന് തടസ്സം സൃഷ്ടിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ ചുമത്തിയ ഗൂഡാലോചന കുറ്റവും നിലവിലുണ്ട്.
പാക് ടീം കിരീടം ചൂടിയപ്പോള്‍ യുവാക്കള്‍ പാക്കിസ്ഥാന് അനുകൂലമായി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം.