ന്യൂദല്‍ഹി- ഉടനടി മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെതിരെയുള്ള ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. പതിനാറാം ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബില്‍ രാജ്യസഭയില്‍ കിടക്കുകയായിരുന്നു.
രാജ്യസഭയില്‍ തന്നെ അവതരിപ്പിച്ച് അവിടെത്തന്നെ പെന്‍ഡിംഗ് ആയാല്‍ ബില്ലുകള്‍ ലാപ്‌സാകില്ല. എന്നാല്‍ ലോക്‌സഭയില്‍ പാസാക്കി രാജ്യസഭയില്‍ പെന്‍ഡിംഗ് ആയി കിടക്കുന്ന ബില്ലുകള്‍ ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ റദ്ദാകും. മുത്തലാഖ് ബില്ലിലെ വ്യവസ്ഥകളില്‍ പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചതോടെ രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന കഴിഞ്ഞ സര്‍ക്കാരിന് ബില്‍ പാസാക്കിയെടുക്കാനായിരുന്നില്ല.
ബില്‍ വീണ്ടും സര്‍ക്കാര്‍ കൊണ്ടുവരിക തന്നെ ചെയ്യും. ഇക്കാര്യം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ തന്നെ ഉള്ളതാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അക്കാര്യത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയ അഭിപ്രായങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.