ന്യൂദല്‍ഹി- തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം അസമിലെ ജോര്‍ഹട്ടില്‍ നിന്നും പറന്നുയര്‍ന്ന് 35 മിനുട്ടുകള്‍ക്ക് ശേഷം അപ്രത്യക്ഷമായ വ്യോമ സേനയുടെ വിമാനത്തെ കുറിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ല. ഇന്ത്യന്‍ വ്യോമ സേനയും കരസേനയും വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. രാത്രിയും തിരച്ചില്‍ തുടരുന്നു. വ്യോമ സേനയുടെ എഎന്‍-32 യാത്രാ വിമാനമാണ് 13 യാത്രക്കാരുമായി കാണാതായത്. സേനയുടെ സി-130, എഎന്‍ 31 വിമാനങ്ങളും രണ്ടു ഹെലികോപ്റ്ററുകളും കാണാതായ വിമാനത്തെ കണ്ടെത്താനായി ആകാശത്ത് വട്ടമിട്ടു പറന്നു കൊണ്ടിരിക്കുകയാണ്.
വിമാനം തകര്‍ന്നു വീണിട്ടുണ്ടാകാമെന്നാണ് സംശയം. അപകടം സംഭവിച്ച സ്ഥലം കണ്ടെത്താനാണു ശ്രമം. ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ ഈ മേഖലയിലേക്ക് വഴിതിരിച്ചുവിട്ടു. തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ റിപോര്‍്ട്ടുകളെ സേന തള്ളിയിട്ടുണ്ട്.
എട്ടു വ്യോമ സേനാ ജീവനക്കാരും അഞ്ച് യാത്രക്കാരുമാണ് കാണാകുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നത്. വ്യോമ സേനയും കരസേനയും വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികളും ഒന്നിച്ചുള്ള സംയുക്ത തിരച്ചില്‍ ഓപറേഷനാണ് നടത്തി വരുന്നതെന്നും വ്യോമ സേന അറിയിച്ചു.
അരുണാചല്‍ പ്രദേശിലെ മെചുകയിലെ അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടിലിറങ്ങേണ്ടിയിരുന്നു വിമാനമാണ് കാണാതായത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ മീറ്റര്‍ മാത്രം അകലെയാണ് ഈ ലാന്‍ഡിങ് സ്ട്രിപ്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.27ന് പറന്നുയര്‍ന്ന വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റുമായി അവസാനം ഒരു മണിക്കാണ് ബന്ധപ്പെട്ടത്. ഇതിനു ശേഷം ഒരു വിവരവുമില്ല.