ന്യൂദല്‍ഹി- പതിനാറു വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ജീവിത പങ്കാളിയെ കൊലപ്പെടുത്താന്‍ 35 തവണ കഠാര കൊണ്ടു കുത്തിയ 43 കാരന്‍ അറസ്റ്റില്‍. രക്ഷിക്കാന്‍ ചെന്ന മകനേയും വെറുതെ വിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തലസ്ഥാനത്തെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവം. പ്രതിയെ ഫ്‌ളാറ്റിനു സമീപം വെച്ചു തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 36 കാരിയായ ഭാര്യ രേഖക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വനിതള്‍ക്കുനേരെയുള്ള ക്രൂരതകള്‍ ഗണ്യമായി വര്‍ധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ദല്‍ഹി.
കൈക്ക് മുറിവേറ്റ 15 കാരനായ മൂത്ത മകന്‍ വിനീതിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇളയ മകന്‍ ഏഴ് വയസ്സായ സഞ്ചിത് മുത്തശ്ശന്‍റെ വീട്ടിലായിരുന്നു.
35 കത്തിക്കുത്തുകളില്‍ 11 മാരക മുറിവുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിനോദ് ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സശയിച്ചിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതെന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ ചില സന്ദേശങ്ങളാണ് സംശയത്തിനു കാരണമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രലില്‍ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് കണ്ടെത്തിയ ശേഷം ഇരുവരും വഴക്ക് പതിവായിരുന്നുവെന്നും പറയുന്നു. ബുധനാഴ്ച രാത്രി അഞ്ചരയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബാഗില്‍ കത്തി കരുതിയാണ് വിനോദ് വീട്ടിലെത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നൂപുര്‍ പ്രസാദ് പറഞ്ഞു.
രേഖയെ ആക്രമിക്കുന്നതിനു മുമ്പ് ഇതേ കെട്ടിടത്തിലെ സ്വന്തം സഹോദരന്റെ ഫ്‌ളാറ്റ് പൂട്ടിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ സ്വദേശികളാണ് ദമ്പതികള്‍.