ലഖ്‌നൗ-ഉപതിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 11 മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിഎസ്പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് സഖ്യം വിടാനൊരുങ്ങുന്നതായി മായാവതി സൂചന നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം ബിഎസ്പിക്ക് ഗുണം ചെയ്തില്ലെന്നാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. യാദവ വോട്ടുകള്‍ നേടിതരാന്‍ എസ്പിയ്ക്ക് സാധിച്ചില്ലെന്നും മായാവതി പാര്‍ട്ടി നേതാക്കളെ അറിയിച്ചു.ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 11 സ്ഥാനാര്‍ഥികളുടെയും പട്ടിക തയറാക്കാനുള്ള നിര്‍ദേശവും മായാവതി പ്രവര്‍ത്തകര്‍ക്ക് നല്‍കി.
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ബി.എസ്.പി പൊതുവെ സ്വീകരിക്കാറുള്ള നിലപാട്. ഇതാദ്യമായാണ് ബി.എസ്.പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.അതേസമയം, മഹാസഖ്യ0 പിരിയുന്നത് ഉത്തര്‍പ്രദേശില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ബിജെപിയ്ക്ക് സഹായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മഹാസഖ്യത്തിലൂടെ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത് അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിക്കാണ്. ആകെ അഞ്ച് സീറ്റുകള്‍ മാത്രമാണ് എസ്പിക്ക് നേടാനായത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് പോലും ലഭിക്കാതിരുന്ന ബിഎസ്പിക്ക് ഇത്തവണ 10 സീറ്റുകള്‍ നേടാനായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും 2022ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പിഎസ്പി സഖ്യം ഒന്നിച്ച് മല്‍സരിക്കുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. പരാജയത്തിനു പിന്നാലെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയും രണ്ട് സംസ്ഥാന പ്രസിഡന്റുമാരെയും മായാവതി ഞായറാഴ്ച നീക്കിയിരുന്നു. ഉത്തരാഖണ്ഡ്, ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കോഡിനേറ്റര്‍മാരെയാണ് നീക്കിയത്.