ന്യൂ ദല്‍ഹി - ദേശീയ സുരക്ഷാ ഉപദേഷ്ടാവായി(എന്‍.എസ്.എ) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്‍ അജിത് ഡോവല്‍ തന്നെ തുടരും. കാബിനറ്റ് റാങ്കോടെയാണ് ഡോവലിന് അഞ്ചു വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്തിന്റെ സുരക്ഷാരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഡോവലിനെ സ്ഥാനത്ത് നിലനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഉറി ആക്രമണത്തിനു ശേഷം നടന്ന മിന്നലാക്രമണം, 2019ലെ ബാലാക്കോട്ട് ആക്രമണം, അഭിനന്ദന്‍ വര്‍ധമാന്റെ മോചനം, ഇറാഖിലെ ആശുപത്രിയില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്‌സുമാരുടെ മോചനം തുടങ്ങിയ ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് നടന്ന തന്ത്രപ്രധാനമായ നീക്കങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിച്ചത് ഡോവലായിരുന്നു.
2014ലാണ് ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവല്‍ നിയമിതനാകുന്നത്. 1968 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ഡോവല്‍ മുന്‍ ഐ.ബി തലവന്‍ കൂടിയാണ്. കീര്‍ത്തി ചക്ര ലഭിക്കുന്ന ആദ്യത്തെ പൊലിസ് ഉദ്യോഗസ്ഥനാണ്. 1988ലായിരുന്നു ഇത്.