Sorry, you need to enable JavaScript to visit this website.

മാങ്ങ പറിക്കാൻ കയറിയ യുവാവ് മരത്തിൽ കുടുങ്ങി 

എടക്കര- മാങ്ങ പറിക്കാൻ കയറിയ യുവാവ് മരത്തിന് മുകളിൽ കുടുങ്ങി. അഗ്നിശമന സേന യുവാവിന്റെ രക്ഷകരായി. ചുങ്കത്തറ തളിയങ്ങിൽ അനൂപ് (31) ആണ് കൈപ്പിനി പാലത്തിനു സമീപത്തുള്ള വീട്ടിലെ മാവിന്റെ മുകളിൽ ബോധരഹിതനായി കുടുങ്ങിയത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. മോളയിൽ സിറിൽ എന്നയാളുടെ വീട്ടുമുറ്റത്തുള്ള വൻ മാവിലാണ് അനൂപ് മാങ്ങ പറിക്കാൻ കയറിയത്. എഴുപത്തിയഞ്ച് അടിയോളം ഉയരത്തിലെത്തിയ അനൂപ് ബോധരഹിതനായി മരത്തിൽ കുടുങ്ങുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ യുവാവിനെ നാട്ടുകാരിലൊരാൾ മരത്തോടു ചേർത്തു കെട്ടി നിർത്തി. താഴെയിറക്കാൻ മറ്റു മാർഗമില്ലാത്തതിനാൽ നിലമ്പൂർ അഗ്നിശമന സേന വിഭാഗത്തിലേക്ക് വിവരമറിയിക്കുകയായിരുന്നു. സന്ദേശം കിട്ടിയ ഉടൻ സ്ഥലത്തെത്തിയ സേനാംഗങ്ങൾ മരത്തിൽ കയറി യുവാവിനെ റെസ്‌ക്യൂ നെറ്റിലാക്കി അതിസാഹസികമായി താഴെ ഇറക്കുകയായിരുന്നു.

തുടർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഫയർമാൻമാരായ ഇ.എം. ഷിന്റു, ടി.കെ നിഷാന്ത് എന്നിവരാണ് മരത്തിൽ കയറി അനൂപിനെ അതിസാഹസികമായി റെസ്‌ക്യൂ നെറ്റിലാക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ അശോകന്റെ നേതൃത്വത്തിൽ ലീഡിംഗ് ഫയർമാൻ പി.കെ സജീവൻ, ഫയർമാൻമാരായ, കെ. സഞ്ജു, ഫയർമാൻ ഡ്രൈവർമാരായ എ.കെ. ബിപുൽ, ആർ.സുമീർ കുമാർ, ഹോം ഗാർഡ് സി.വൈ ജോസഫ്, പോത്തുകൽ പോലീസ് എന്നിവരുടെ സമയോചിതമായ പ്രവർത്തനം കൊണ്ട് യുവാവിന്റെ ജീവൻ രക്ഷിക്കാനായി.
 

Latest News