ചെന്നൈ- അമിതമായ ടിക്‌ടോക് ഉപയോഗത്തിന്റെ പേരില്‍ ഭാര്യയെ വകവരുത്തിയിരിക്കുകയാണ് ചെന്നൈയില്‍. ടിക്ടോക് വീഡിയോകളുടെ പേരില്‍ ഭര്‍ത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതിയാണ് വ്യാഴാഴ്ച കോയമ്പത്തൂരില്‍ കൊല്ലപ്പെട്ടത്.
അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പേരില്‍ പിരിഞ്ഞ് കഴിയുകയായിരുന്നു നന്ദിനിയും ഭര്‍ത്താവും. ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞു കഴിയുന്ന നന്ദിനി കോയമ്പത്തൂരില്‍ ആണ് താമസിച്ചിരുന്നത്. പിരിഞ്ഞതിനു ശേഷവും നന്ദിനി സോഷ്യല്‍ മീഡിയ അധികമായി ഉപയോഗിക്കുന്നുണ്ടെന്നും, ടിക്‌ടോക് വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുന്നതറിഞ്ഞ കനകരാജ്, നന്ദിനി അറ്റന്‍ഡറായ സ്വകാര്യ കോളജിലെത്തി വകവരുത്തുകയായിരുന്നു.
കോളേജില്‍ എത്തുന്നതിന് മുന്‍പ് നന്ദിനിയെ പലതവണ കനകരാജ് ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ തിരക്കിലായതും ഇയാളെ പ്രകോപിപ്പിച്ചു. കനകരാജ് കൃത്യം ചെയ്യുമ്പോള്‍ മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നന്ദിനിയുടെ ജോലി സ്ഥലത്ത് എത്തിയ ഇയാളുടെ കയ്യില്‍ കത്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഈ കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റയുടന്‍ നന്ദിനിയെ സഹപ്രവര്‍ത്തകര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കനകരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.