ജെയ്പൂര്‍ - രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ ലാല്‍ചന്ദ് കട്ടാരിയയുടെ രാജി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്വീകരിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിനു ശേഷം ശക്തമായി പ്രവര്‍ത്തിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും രാജിവച്ചൊഴിയുകയല്ല വേണ്ടതെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ലാല്‍ചന്ദ് കട്ടാരിയ രാജി സമര്‍പ്പിച്ചത്. ഇത്രയും കനത്ത പരാജയത്തിനു ശേഷം പാര്‍ട്ടിക്ക് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാജി. താന്‍ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ജെയ്പൂര്‍ റൂറല്‍ ലോക്‌സഭാ മണ്ഡലത്തിലെ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കട്ടാരിയ രാജിക്കത്തില്‍ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയും മുഖ്യമന്ത്രിയുടെ വസതിയിലെത്തി രാജിവയ്ക്കുന്നതായി ആവര്‍ത്തിച്ചെങ്കിലും ഗെഹ്‌ലോട്ട് തള്ളുകയായിരുന്നു. പാര്‍ട്ടി ദയനീയ പരാജയം നേരിട്ട ഘട്ടത്തില്‍ ഓരോ നേതൃത്വവും വെല്ലുവിളി ഏറ്റെടുത്ത് മികച്ച ഭരണം കാഴ്ചവയ്‌ക്കേണ്ട സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫിസ് വൃത്തങ്ങള്‍ പറഞ്ഞു.