പട്‌ന- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്ര മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കിയതിനെ ചൊല്ലി ഇടഞ്ഞ ജെഡിയു ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നല്‍കി മറുപടി നല്‍കി. എംപിമാരുടെ എണ്ണത്തിന് ആനുപാതികമായി മന്ത്രിസഭയില്‍ ഇടംവേണമെന്ന നിലപാടെടുത്ത ജെഡിയു കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് വിട്ടു നിന്നിരുന്നു. ഇതിനു പിന്നാലെയാണ് ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ പുതിയ നീക്കം. ബിഹാറില്‍ ഇന്ന് നിതീഷ് നടത്തിയ മന്ത്രിസഭാ വികസനത്തില്‍ എട്ടു പുതിയ ജെഡിയു മന്ത്രിമാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രമാണ് നല്‍കിയത്. ഈ ഒഴിവിലേക്ക് ആരെ നിയമിക്കണമെന്ന് ബിജെപിക്കു തീരുമാനിക്കാം. ഈ ഒഴിവ് ഭാവിയില്‍ നികത്തുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോഡി ട്വീറ്റ് ചെയ്തു.
അതേസമയം എന്‍ഡിഎയില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും സഖ്യം രൂപീകരിച്ചപ്പോള്‍ തന്നെ വകുപ്പുകളും സീറ്റുകളുടെ എണ്ണവും മുന്‍കൂട്ടി നിശ്ചിയിച്ചിരുന്നതാണെന്നും നിതീഷ് പറഞ്ഞു. ജെഡിയുവിന്റെ ഒഴിവുകള്‍ വര്‍ധിച്ചപ്പോളാണ് മന്ത്രിസഭാ വികസനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സഖ്യകക്ഷികളോടുള്ള ബിജെപിയുടെ പെരുമാറ്റത്തില്‍ നിതീഷിന് അതൃപ്തിയുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ സ്വകാര്യമായി പറയുന്നുണ്ട്. ബിഹാറില്‍ 16 ലോകസഭാ സീറ്റു നേടിയ ജെഡിയുവിന് ഒരു കേന്ദ്ര മന്ത്രിസ്ഥാനം മാത്രം പോരെന്നാണ് നിതീഷിന്റെ നിലപാട്. പ്രതീകാത്മകയമായി നല്‍കുന്ന ഒരു മന്ത്രിസ്ഥാനത്തിനു പകരം ആനുപാതികമായി പ്രാതിനിധ്യം ലഭിക്കണമെന്ന് നീതീഷ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.