ന്യൂ ദല്‍ഹി - ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന് അഭിനന്ദനവുമായി ട്വീറ്റ് ചെയ്തതിനു പിറകെ കോണ്‍ഗ്രസ് വക്താവും സോഷ്യല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ അപ്രത്യക്ഷമായി. എന്നാല്‍, അക്കൗണ്ട് ദിവ്യ ഡിലീറ്റ് ചെയ്തതാണെന്നു വ്യക്തമല്ല.
അതേസമയം, ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഒരു മാസക്കാലം കോണ്‍ഗ്രസ് വക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ ഭാഗമാകും ദിവ്യയുടെ നടപടിയെന്നും സംശയിക്കപ്പെടുന്നുണ്ട്. പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാലയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
ദിവ്യയുടെ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിങ് വിസമ്മതിച്ചു. എന്നാല്‍, പാര്‍ട്ടിയുടെ ദയനീയ പരാജയത്തെ തുടര്‍ന്ന് ദിവ്യ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ നിന്ന് രാജിവച്ചതായുള്ള വാര്‍ത്ത അവര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. 1970കളില്‍ ഇന്ദിരാ ഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു വനിത ധനകാര്യ മന്ത്രിയാകുന്നതെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിര്‍മലയ്ക്കാകട്ടെയെന്നുമായിരുന്നു ദിവ്യയുടെ മുന്‍ ട്വീറ്റ്.