പാറ്റ്‌ന - കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാനില്ലെന്ന് തീര്‍ത്തുപറഞ്ഞ് ജനതാദള്‍(യുനൈറ്റഡ്). ഭാവിയിലും എന്‍.ഡി.എ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകില്ലെന്ന് ഇന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. ബിഹാറിലടക്കം എന്‍.ഡി.എയുടെ മുഖ്യ ഘടകകക്ഷിയായ ജെ.ഡി.യുവിന് രണ്ടാം മോഡി മന്ത്രിസഭയില്‍ ഇടംലഭിക്കാതിരുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
ജെ.ഡി.യുവിനു ലഭിച്ച ഒറ്റ കാബിനറ്റ് പദവി വാഗ്ദാനം അസ്വീകാര്യമായതിനാല്‍ നിരസിക്കുകയായിരുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി ജനറലും മുഖ്യ വക്താവുമായ കെ.സി ത്യാഗി വ്യക്തമാക്കി. എന്‍.ഡി.എ മുന്നോട്ടുവച്ച നിര്‍ദേശം പാര്‍ട്ടിക്ക് സ്വീകാര്യമായിരുന്നില്ല. ഇതിനാല്‍, ഭാവിയിലും എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമാകേണ്ടെന്നു നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇത് അന്തിമ തീരുമാനമാണെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.
മന്ത്രിസഭയില്‍ ജെ.ഡി.യുവില്‍ നിന്ന് ഒരാള്‍ മാത്രം മതി എന്നാണ് ബി.ജെ.പിയുടെ നിലപാട്. പാര്‍ട്ടിയുടെ പ്രതീകാത്മക പ്രാതിനിധ്യം മാത്രമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും ഇതിനാല്‍ ഇത് ആവശ്യമില്ലെന്നും ജെ.ഡി.യു തലവന്‍ നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും നിതീഷ് പങ്കെടുത്തിരുന്നു.