കൊച്ചി- എറണാകുളത്തെ ഒരു ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് മാരകമായ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജ പ്രചാരണമാണെന്നും ജില്ലാ കലക്ടര്‍ വൈ. സഫീറുല്ല അറിയിച്ചു. ഏതെങ്കിലും രോഗികളില്‍ നിപ്പ സ്ഥിരീകരിക്കപ്പെട്ടാല്‍ ജില്ലാ ഭരണകൂടം ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഔദ്യോഗികമായി അറിയിപ്പു നല്‍കും. മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പനിക്ക് ചികിത്സ തേടിയെത്തുന്നവരില്‍ നിപ്പയുടെ ലക്ഷണങ്ങള്‍ ഉണ്ടെന്നു സംശയിച്ചാല്‍ അതു സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. ഇതില്‍ ആശങ്കപ്പെടാനില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. വ്യാജ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില ഭീതി പരത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പറവൂര്‍ സ്വദേശിയായ യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരിച്ചെന്നാണ് പ്രചരിച്ചത്. ഈ യുവാവിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രി അധികൃതര്‍ രോഗ വിവരങ്ങള്‍ പുറത്തു വിടാതിരുന്നതാണ് തെറ്റായ പ്രചരണത്തിടയാക്കിയതെന്ന് സംശയിക്കുന്നു.