ന്യൂദല്‍ഹി- എന്‍.സി.പി നേതാവും മുന്‍ വ്യോമയാന മന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചു. ഈ മാസം ആറിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2008- 09 കാലത്ത് എയര്‍ ഇന്ത്യയുട ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ വിമാനക്കമ്പനികളുമായി പങ്കുവെച്ചതില്‍ ഇടനിലക്കാരനായ ദീപക് തല്‍വാറിനുള്ള പങ്ക് സംബന്ധിച്ചാണ് ഇ.ഡിയുടെ അന്വേഷണം.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരില്‍ പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരുന്ന കാലത്ത് നടന്ന ക്രമക്കേടുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. വ്യോമയാന മേഖലയിലെ സങ്കീര്‍ണതകള്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിനെ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തെറ്റായ കാര്യങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ യു.എ.ഇ ഇന്ത്യയ്ക്ക് കൈമാറിയ ഇടനിലക്കാരന്‍ ദീപക് തല്‍വാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം, ബോയിങ്ങില്‍നിന്നും എയര്‍ബസ്സില്‍നിന്നും 111 വിമാനങ്ങള്‍ വാങ്ങിയ ഇടപാട്, ലാഭകരമായ റൂട്ടുകള്‍ സ്വകാര്യ കമ്പനികളുമായി പങ്കുവെച്ച നടപടി, വിദേശ നിക്ഷേപം സ്വീകരിച്ച് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയത് എന്നിവയെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.