Sorry, you need to enable JavaScript to visit this website.

അമേത്തിയില്‍ അവര്‍ രാഹുലിനെ ചതിച്ചു; ബി.ജെ.പിക്ക് വോട്ട് മറിച്ചു

ന്യൂദല്‍ഹി- സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും(ബി.എസ്.പി) സഹകരിക്കാത്തതിനാലാണ് യു.പിയിലെ അമേത്തിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതെന്ന് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു.
അമേത്തിയിലെ എസ്.പി, ബി.എസ്.പി ഘടകങ്ങള്‍ കോണ്‍ഗ്രസുമായി സഹകരിച്ചില്ലെന്നും അവരില്‍ വലിയൊരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തുവെന്നും കോണ്‍ഗ്രസ് സെക്രട്ടറിമാരായ സുബൈര്‍ ഖാന്‍, കെ.എല്‍. ശര്‍മ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റായ്ബറേലിയില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതിനിധികളായി പ്രവര്‍ത്തിച്ചവരാണ് റിപ്പോര്‍ട്ട് തയാറാക്കിയ പാര്‍ട്ടി സെക്രട്ടറിമാര്‍.
രാഹുല്‍ ഗാന്ധിക്ക് 2014 തെരഞ്ഞെടുപ്പില്‍ 4.08 ലക്ഷം വോട്ടുകളായിരുന്നുവെങ്കില്‍ ഇക്കുറി അത് 4.13 ലക്ഷം വോട്ടുകളായി വര്‍ധിച്ചിട്ടുണ്ട്. ബി.എസ്.പി സ്ഥാനാര്‍ഥിക്ക് 2014 ല്‍ 57,716 വോട്ടാണ് ലഭിച്ചിരുന്നത്. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നെങ്കില്‍ രാഹുല്‍ വിജയിച്ചേനെയെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.  ബി.ജെ.പി സ്മൃതി ഇറാനി 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ തോല്‍പിച്ചത്.
നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും  എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസുമായി സഹകരിച്ചില്ലെന്ന ആരോപണത്തെ അമേത്തി ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും ശരിവെച്ചു. എസ്.പിയുടെ മുന്‍ മന്ത്രി ഗായത്രി പ്രജാപതിയുടെ മകന്‍ അനില്‍ പ്രജാപതി സ്മൃതി ഇറാനിക്കുവേണ്ടി പരസ്യമായി വോട്ട് ചോദിച്ചു. ബ്ലോക്ക് പ്രമുഖുമാരേയും ജില്ലാ പഞ്ചായത്ത് മെംബര്‍മാരേയും നിലനിര്‍ത്താന്‍ ഗൗരിഗഞ്ചിലെ എസ്.പി എം.എല്‍. െരാകേഷ് സിംഗ് ബി.ജെ.പിയുമായി സഹകരിച്ചുവെന്നും യോഗേന്ദ്ര മിശ്ര ആരോപിച്ചു. എന്നാല്‍ രാകേഷ് സിംഗ് ആരോപണം ശക്തിയായി നിഷേധിച്ചു.
അമേത്തിയിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി തോറ്റിരുന്നു. ഇവിടങ്ങളില്‍ ഏറ്റവും കൂടിയ വോട്ടായ 18,000 നു തോറ്റത് ഗൗരിഗഞ്ചിലാണ്. അമേത്തിയില്‍ മുന്നിട്ടു നിന്നപ്പോള്‍ ടിലോലി, ജഗ്ദീഷ്പുര്‍, സലോണ്‍ നിയമസഭാ മണ്ഡലങ്ങളില്‍ പിറകിലായി. ഗൗരിഗഞ്ച്, ടിലോലി എന്നിവിടങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് രണ്ടംഗ കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇവര്‍ മറ്റു അസംബ്ലി മണ്ഡലങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും കാണും.

 

Latest News